മലയാളിക്ക് ഇലക്ട്രിക് വാഹനങ്ങളോളുള്ള കമ്പമേറുന്നു. സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷൻ രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1,83,686 ഇവികളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഈ വർഷം ഇതുവരെ 54,703 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇവി വാഹന രജിസ്ട്രേഷൻ 40 ഇരട്ടിയായാണ് വർദ്ധിച്ചത്. 2023-ൽ ആകെ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 75,802 വാഹനങ്ങൾ ഇവിയായിരുന്നു. 2022-ൽ ഇത് 39,623 ആയിരുന്നു. വർഷന്തോറും ഇലക്ട്രിക് വാഹനങ്ങൾക്ക് സ്വീകാര്യതയേറുന്നുവെന്ന് വ്യക്തം.
ചാർജിംഗ് സൗകര്യങ്ങൾ വർദ്ധിക്കുന്നതും സർക്കാർ ആനുകൂല്യങ്ങളുമാണ് വൈദ്യുതി വാഹനങ്ങളിലേക്ക് മലയാളികളെ ആകർഷിക്കുന്നത്. ആവശ്യമേറുന്നതിനാൽ തന്നെ വിവിധ വാഹനക്കമ്പനികൾ പുത്തൻ വാഹനങ്ങൾ വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിലാണ്.