ബാഴ്‌സലോണ: സ്‌പെയിനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 95 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.
യൂറോപ്യൻ രാജ്യമായ സ്പെയിനിലെ വലന്സിയ പ്രവിശ്യയിലാണ് ഇന്നലെ പൊടുന്നനെ കനത്ത മഴ പെയ്തത്. ഇതുമൂലം അവിടെയുള്ള നദികളിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടായി. തുടർന്ന് തീരങ്ങളിലും പ്രധാന റോഡുകളിലും ജനവാസകേന്ദ്രങ്ങളിലും വെള്ളം കയറി. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി.
വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ഹെലികോപ്റ്ററുകൾ ഉപയോഗിക്കേണ്ടി വന്നു. കാണാതായവരിൽ പലരെയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. മിക്കയിടത്തും മഴവെള്ളം കയറിയതിനാൽ റോഡ്, റെയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു.
വെള്ളപ്പൊക്കത്തെത്തുടർന്ന് മാഡ്രിഡ്, ബാഴ്‌സലോണ നഗരങ്ങളിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതായും ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ സ്‌കൂളുകൾക്ക് അവധി പ്രാഖ്യാപിച്ചതായും അധികൃതർ അറിയിച്ചു.
എല്ലാ റോഡ് യാത്രകളും ഒഴിവാക്കാനും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കാനും മേഖലയിലെ എമർജൻസി സർവീസുകൾ പൗരന്മാരോട് അഭ്യർത്ഥിച്ചു.