ഷിരൂരിലെ മണ്ണിടിച്ചിലിൽ മലയാളി യുവാവായ ലോറി ഡ്രൈവർ അർജുൻ അപകടത്തിൽപ്പെട്ട് കാണാതായതു മുതൽ മലയാളികൾക്ക് സുപരിചിതനാണ് മനാഫ്. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമയായിരുന്നു അദ്ദേഹം. അർജുന്റെ മൃതദേഹം ലഭിച്ചതിന് ശേഷം മനാഫിന്റെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട് അർജുന്റെ കുടുംബം ചില പരാതികളുന്നയിച്ചിരുന്നു. തുടർന്ന് സോഷ്യൽമീഡിയ രണ്ടായി തിരിഞ്ഞ് അർജുന്റെ കുടുംബത്തിനെതിരെ സൈബറാക്രമണം നടത്തുകയും ചെയ്തു. ഒടുവിൽ പ്രശ്നങ്ങളെല്ലാം സംസാരിച്ച് പരിഹരിച്ച മനാഫ് പിന്നീട് ഉദ്ഘാടന തിരക്കുകളിലേക്ക് മാറി.
ചാരിറ്റി പ്രവർത്തനങ്ങൾക്ക് അങ്ങേയറ്റം താത്പര്യം പ്രകടിപ്പിച്ചിരുന്ന മനാഫ് ഇപ്പോൾ ഒരു ചാരിറ്റി ആപ്ലിക്കേഷൻ തുടങ്ങാനുള്ള തയ്യാറെടുപ്പുകളിലാണ്. എന്നാൽ ഇതിന് വലിയ ചെലവുണ്ടെന്നും ആരെങ്കിലും സഹായിക്കണമെന്നുമാണ് മനാഫ് പറയുന്നത്.
ചാരിറ്റിക്ക് ലഭിക്കുന്ന പണത്തെക്കുറിച്ച് വിശദമായി അറിയാൻ ആപ്പ് സഹായിക്കും. അക്കൗണ്ടിലേക്ക് പണം വന്നാലും വരുന്ന തുക ചെലവാകുന്നതിനെക്കുറിച്ചും ആളുകൾക്ക് അറിയാൻ ആപ്പ് ഗുണം ചെയ്യും. അതിനാൽ ആപ്പ് ഉണ്ടാക്കാൻ അറിയാവുന്നവരുണ്ടെങ്കിൽ സഹായിക്കണമെന്നും അഞ്ച് ലക്ഷം രൂപയോളം ചെലവു വരുന്ന കാര്യമാണിതെന്നും മനാഫ് പറയുന്നു.
നിലവിൽ അഞ്ച് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സാണ് മനാഫിന്റെ യൂട്യൂബ് ചാനലിനുള്ളത്. സോഷ്യൽമീഡിയയിൽ ഫാൻസ് അസോസിയേഷനടക്കം മനാഫിനുണ്ട്. അർജുന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഉദ്ഘാടന പരിപാടികളിലും പൊതുവേദികളിലും സ്ഥിരം സാന്നിധ്യമാണ് മനാഫ്.