ജ്യൂസുകൾ ഇഷ്ടപ്പെടാത്തവർ വിരളമായിരിക്കും. വിവിധ തരം പഴവർഗങ്ങളും പച്ചക്കറികളും ഉപയോഗിച്ച് നാം ജ്യൂസുകൾ തയ്യാറാക്കാറുണ്ട്. ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും മികച്ചതാണ് ജ്യൂസുകൾ. എന്നാൽ ചില പഴച്ചാറുകൾ ആരോഗ്യത്തെ ദോഷമായും ബാധിക്കുന്നു. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
പഞ്ചസാര അമിതമായി ഉപയോഗിച്ചുള്ള പഴച്ചാറുകൾ
പഴച്ചാറുകളിൽ പൊതുവെ മധുരം കൂടുതലായതിനാൽ പഞ്ചസാര ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വിപണികളിൽ നിന്നും വാങ്ങുന്ന പഴച്ചാറുകളിൽ അമിത അളവിൽ പഞ്ചസാര ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പഴച്ചാറുകൾ കുടിക്കുന്നത് പ്രമേഹം പോലുള്ള രോഗങ്ങളിലേക്ക് വഴി വയ്‌ക്കുന്നു.
ഫ്രൂട്ട് പഞ്ചസ്
ഫ്രൂട്ട് പഞ്ചസ് എന്നറിയപ്പെടുന്ന പഴച്ചാറുകളിൽ കുറഞ്ഞ അളവിലാണ് യഥാർത്ഥ പഴങ്ങൾ അടങ്ങിയിട്ടുള്ളത്. ഇത്തരം പഴച്ചാറുകളിൽ ഉപയോഗിക്കുന്നതിൽ ഭൂരിഭാഗവും വെള്ളവും പഞ്ചസാരയും മറ്റ് കൃത്രിമ വസ്തുക്കളുമാണ്. ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങൾ ഇത്തരം പഴച്ചാറുകളിൽ നിന്നും ലഭിക്കില്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മുന്തിരി ജ്യൂസ്
പഞ്ചസാരയുടെ അംശം ധാരാളം അടങ്ങിയിട്ടുള്ള ജ്യൂസുകളിലൊന്നാണ് മുന്തിരി ജ്യൂസ്. കടകളിൽ നിന്നും വാങ്ങുന്ന മുന്തിരി ജ്യൂസുകളിൽ പഞ്ചസാരയും കൃത്രിമ സുഗന്ധവും കൂടുതലായിരിക്കും. ഇത് ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നു. വയറിളക്കം, വയറുവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളിലേക്കും ഇത് വഴി വയ്‌ക്കുന്നു.