ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന അളവിൽ മാത്രം ഉപ്പ് അഥവാ സോഡിയം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഹൃദ്രോഗത്തിൽ നിന്നും വൃക്കരോഗത്തിൽ നിന്നും ഇന്ത്യക്കാർക്ക് മോചനം നേടാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നു. നിയന്ത്രിത അളവിലുള്ള ഉപ്പിന്റെ ഉപയോഗത്തിലൂടെ പത്ത് വർഷത്തിനുള്ളിൽ വൃക്കരോഗവും ഹൃദ്രോഗവും മൂലമുണ്ടാകുന്ന 30 ലക്ഷം മരണങ്ങൾ തടയാൻ സാധിക്കുംമെന്നാണ് ലോകാരോഗ്യ സംഘടനയുടെതന്നെ ഒരു മോഡലിംഗ് പഠനം കണക്കാക്കുന്നത്.
ഒരു ദിവസം 2 ഗ്രാം സോഡിയത്തിന് താഴെ മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അതായത് ഏകദേശം ഒരു ടീസ്പൂൺ ഉപ്പാണ് പ്രതിദിനം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. പാക്കേജ്ഡ് ആഹാര സാധനങ്ങൾ കഴിക്കുന്നവരിലാണ് സോഡിയം ഉപഭോഗം കൂടുതൽ കണ്ടുവരുന്നത്. ഇതിൽ ഇന്ത്യയും പെടും.
സോഡിയത്തിന്റെ ഉപഭോഗം കുറയ്‌ക്കുന്നതിന് ഇന്ത്യയിൽ പ്രത്യേകിച്ച് നിയന്ത്രണങ്ങളൊന്നുമില്ലെന്ന് ഹൈദരാബാദിലെ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള ഗവേഷകർ പറയുന്നു.
2025 ഓടെ സോഡിയം ഉപഭോഗം 30 ശതമാനം കുറയ്‌ക്കുക എന്നത് ലോകാരോഗ്യ സംഘടനയുടെ ഒൻപത് ആഗോള ലക്ഷ്യങ്ങളിൽ ഒന്നാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ 2018-ൽ ആരംഭിച്ച ദേശീയ സംരംഭമായ ‘ഈറ്റ് റൈറ്റ് ഇന്ത്യ’, സോഡിയം കുറയ്‌ക്കുന്നതുൾപ്പെടെ ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് ആളുകളിൽ ബോധവത്കരണം നടത്തുന്നുണ്ട്.