59-ാം പിറന്നാൾ ദിനത്തിൽ തന്റെ പുതിയ തീരുമാനം വെളിപ്പെടുത്തി ഷാരൂഖ് ഖാൻ. പിറന്നാളിനോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടിയിലാണ് ഷാരൂഖ് തന്റെ പുതിയ തീരുമാനത്തെ കുറിച്ച് ആരാധകരോട് വെളിപ്പെടുത്തിയത്. പുകവലി ഉപേക്ഷിക്കുകയാണെന്നും ഇനി സിഗററ്റ് കൈ കൊണ്ട് തൊടില്ലെന്നും ഷാരൂഖ് വ്യക്തമാക്കി.
‘ഒരു നല്ല കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്. ഞാൻ ഇപ്പോൾ പുകവലിക്കുന്ന ശീലം ഉപേക്ഷിച്ചിരിക്കുകയാണ്. മുമ്പ് ഞാൻ ദിവസവും 100 സിഗററ്റിലധികം വലിച്ചിരുന്നു. 30 കപ്പ് കട്ടൻ ചായയും കുട്ടിച്ചിരുന്നു. വെള്ളം കുടിക്കുന്നത് കുറവാണ്. കുറച്ചുനാളുകളായി ഞാൻ ഇതൊക്കെ മാറ്റിയിട്ടുണ്ട്.
ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. പുകവലി നിർത്തിയാൽ ഈ ബുദ്ധിമുട്ട് മാറുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ പുകവലി നിർത്തിയിട്ടും അത് പൂർണമായും മാറിയിട്ടില്ല. അത് പതിയെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും’ ഷാരൂഖ് ഖാൻ പറഞ്ഞു.
ഷാരൂഖിന്റെ വാക്കുകൾ കേട്ട് ആരാധകർ കൈയ്യടിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ഷാരൂഖിന്റെ പിറന്നാൾ. അതിഗംഭീരമായാണ് സിനിമാ ലോകം കിംഗ് ഖാന്റെ പിറന്നാൾ ആഘോഷമാക്കിയത്. ഇതിനിടെയായിരുന്നു ആരാധകരുടെ ഹൃദയം കവർന്ന ഷാരൂഖിന്റെ വാക്കുകൾ.