ന്യൂഡൽഹി: യാത്രക്കാരുടെ വിവിധ ആവശ്യങ്ങൾക്കായി സമഗ്ര മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. ഈ വർഷാവസാനത്തോടെ ‘സൂപ്പർ’ എന്ന പേരിട്ടിരിക്കുന്ന ആപ്പ് പുറത്തിറക്കുമെന്നാണ് സൂചന. ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്ഫോം പാസുകൾ വാങ്ങാനും ട്രെയിൻ ഷെഡ്യൂളുകൾ നിരീക്ഷിക്കാനും ആപ്പ് സഹായകമാകും.
സെന്റർ റെയിൽവേ ഫോർ സിസ്റ്റംസ് (CRIS) വികസിപ്പിക്കുന്ന ഈ ആപ്പ് IRCTC യുടെ നിലവിലെ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. വിവിധ സേവനങ്ങൾക്കായി നിരവധി വ്യത്യസ്ത ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളുമാണ് റെയിൽവേ യാത്രക്കാർ ഉപയോഗിച്ചുവരുന്നത്. ഇത് ഒരു കുടക്കീഴിലാക്കുക എന്നതാണ് സൂപ്പർ ആപ്പ് കൊണ്ട് ലക്ഷ്യമിടുന്നത്.
‘IRCTC റെയിൽ കണക്ട്’ ആണ് നിലവിൽ ടിക്കറ്റ് ഇടപാടുകൾക്ക് ഉപയോഗിക്കുന്നത്. ‘IRCTC ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക്’ ഭക്ഷണത്തിനായും ‘റെയിൽ മദദ്’ അഭിപ്രായങ്ങൾ പറയുവാനും ‘UTS’ റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ലഭ്യമാക്കാനും ‘നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റംസ്’ ട്രെയിനുകൾ ട്രാക്ക് ചെയ്യാനും യാത്രക്കാർ ഉപയോഗിച്ചുവരുന്നു. ‘IRCTC റെയിൽ കണക്ട്’ ആണ് ഏറ്റവും കൂടുതൽ പേർ പ്രയോജനപ്പെടുത്തുന്ന മൊബൈൽ ആപ്ലിക്കേഷൻ.