റാഞ്ചി: ഝാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ സഖ്യകക്ഷി സർക്കാരിന്റെ പ്രധാന അജണ്ട പ്രീണനമാണ്. ഝാർഖണ്ഡ് മുക്തി മോർച്ചയും ആർജെഡിയും കോൺഗ്രസും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്‌ക്കുന്നവരാണെന്നും മോദി ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കുന്ന ഝാർഖണ്ഡിൽ ബിജെപിയുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“ജെഎംഎം-ആർജെഡി-കോൺഗ്രസ് സർക്കാർ പ്രീണനം അതിന്റെ പാരമ്യത്തിലെത്തിച്ചു. ഈ പാർട്ടികൾ സംസ്ഥാനത്തിന്റെ സാമൂഹിക സൗഹാർദം തകർക്കുകയാണ്. അവർ നുഴഞ്ഞുകയറ്റക്കാരുടെ പിന്തുണക്കാരാണ്. വോട്ടിനായി നുഴഞ്ഞുകയറ്റക്കാർക്ക് ഝാർഖണ്ഡിൽ അഭയം നൽകുന്നു” മോദി പറഞ്ഞു.
ഝാർഖണ്ഡിലെ ഗിരിധിയിലെ ഒരു സ്‌കൂളിൽ മുസ്ലീം അധ്യാപകൻ സരസ്വതി വന്ദനത്തിന് അനുമതി നിഷേധിച്ച സംഭവവും അദ്ദേഹം പരാമർശിച്ചു. “സ്കൂളുകളിൽ സരസ്വതി വന്ദനം അനുവദിക്കുന്നില്ല . ഉത്സവ വേളകളിൽ സർക്കാർ ദുർഗാമാതാവിനെ തടയുകയും കർഫ്യു ഏർപ്പെടുത്തുകയും ചെയ്യുന്നു. നുഴഞ്ഞുകയറ്റ പ്രശ്നം കോടതിയിൽ എത്തുമ്പോൾ ഭരണകൂടം അത് നിഷേധിക്കുന്നു, ഇതെല്ലാം എത്രവലിയ അപകടങ്ങളാണെന്ന് നിങ്ങൾക്ക് ഊഹിക്കാം,” പ്രധാനമന്ത്രി പറഞ്ഞു.
സഖ്യ സർക്കാർ അവരുടെ പ്രീണന അജണ്ടയുമായി മുന്നോട്ട് പോയാൽ ഝാർഖണ്ഡിലെ വനവാസി സമൂഹം മൂന്നിലൊന്നായി ചുരുങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ നുഴഞ്ഞുകയറ്റ സഖ്യത്തെ പിഴുതെറിയാൻ ജനങ്ങൾ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് മോദി അഭ്യർത്ഥിച്ചു. കേന്ദ്ര പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കുന്ന ഒരു സർക്കാർ ഝാർഖണ്ഡിൽ വന്നാൽ മാത്രമേ സംസ്ഥാനത്തിന്റെ അതിവേഗ വികസനം സാധ്യമാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.