ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹ. രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കുന്ന താരം നടപ്പു സീസൺ തന്റെ അവസാനത്തേതായിരിക്കുമെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. നാല്പതാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹ ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യക്ക് വേണ്ടി 40 ടെസ്റ്റുകളും ഒൻപത് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
“ക്രിക്കറ്റിലെ പ്രിയപ്പെട്ട യാത്രയ്‌ക്ക് ശേഷം, ഇത് എന്റെ അവസാനത്തെ സീസൺ ആയിരിക്കും. അവസാനമായി ബംഗാളിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു, വിരമിക്കുന്നതിന് മുമ്പ് രഞ്ജി ട്രോഫിയിൽ മാത്രം കളിക്കും,” എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ സാഹ കുറിച്ചു.
2021ൽ ന്യൂസീലൻഡിനെതിരെയാണ് സാഹ അവസാനമായി കളിച്ച ടെസ്റ്റ് പരമ്പര. എന്നാൽ ഇതിൽ സുപ്രധാനമായ ഇന്നിംഗ്സുകൾ കളിച്ചിട്ടും ടീം മാനേജ്‌മന്റ് ഋഷഭ് പന്തിന്റെ ബാക്കപ്പായി കെഎസ് ഭരത്തിനെ ഇറക്കാൻ തീരുമാനിച്ചതോടെ സാഹ പുറത്താവുകയായിരുന്നു. 40 ടെസ്റ്റുകളിൽ നിന്നും മൂന്ന് സെഞ്ച്വറികളുൾപ്പെടെ 1353 റൺസ് നേടിയിട്ടുണ്ട്.
2007 നവംബറിൽ ഈഡൻ ഗാർഡൻസിൽ ഹൈദരാബാദിനെതിരെയാണ് വൃദ്ധിമാൻ സാഹയുടെ രഞ്ജി ട്രോഫി അരങ്ങേറ്റം. ആദ്യ മത്സരത്തിൽ തന്നെ പുറത്താകാതെ 111 റൺസും സീസണിലെ ആറ് മത്സരങ്ങളിൽ നിന്നായി 239 റൺസും താരം നേടി.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2025 ഐപിഎൽ സീസണിൽ താരം ഉണ്ടായേക്കില്ലെന്നാണ് സൂചന. 2008-ൽ ഐപിഎൽ ആരംഭിച്ചതു മുതൽ എല്ലാ സീസണിലും പങ്കെടുത്ത ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് സാഹ.