ഭക്ഷണത്തോടൊപ്പം തന്നെ ആരോഗ്യത്തിന് പ്രധാനമാണ് വ്യായാമവും. അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണമെന്നാണ് പഴമക്കാർ പറയാറുള്ളത്. അത്താഴത്തിന് ശേഷം നടക്കുന്നത് ദഹനത്തിന് നല്ലതാണ്. എന്നാൽ കിടക്കുന്നതിന് തൊട്ടുമുൻപ് ആഹാരം കഴിക്കുന്നവരാകും മിക്കവരും. ഈ ശീലമത്രേ നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കിടക്കുന്ന സമയവും കഴിക്കുന്ന സമയവുമൊക്കെ പ്രധാനമാണ്.
ദഹനം മെച്ചപ്പെടാനും ശരീരഭാരം കുറയ്‌ക്കാനുമൊക്കെ സഹായിക്കുമെന്നാണ് പറയാറുള്ളത്. എന്നാൽ ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? വാസ്തവമുണ്ടെന്ന് തന്നെ വേണം പറയാൻ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പെട്ടെന്നുണ്ടാകുന്ന ഇൻസുലിൻ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ അത്താഴത്തിന് ശേഷമുള്ള നടത്തം സഹായിക്കും. ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന കലോറി ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.
ശരീരത്തിലെ വിഷാംശങ്ങളെ പുറന്താള്ളാനും നടത്തം സഹായിക്കും. ഭാരം കുറയുന്നതിനൊപ്പം തന്നെ വിശപ്പ് കുറയ്‌ക്കാനും നടത്തം സഹായിക്കും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. സുഖനിദ്ര ലഭിക്കാനും നടത്തത്തിന് സാധിക്കും. ഉത്കണ്ഠ അകറ്റാനും നടത്തം ഉപകാരപ്പെടും.
ഉറങ്ങുന്നതിന് ഏകദേശം രണ്ട്, മൂന്ന് മണിക്കൂർ മഉനപെങ്കിലും അത്താഴം കഴിക്കുന്നതാണ് അനുയോജ്യം. രാത്രി എട്ട് മണിക്കുള്ളിൽ ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു. ഭക്ഷണത്തിനു ശേഷം 15 മുതൽ 30 മിനിറ്റ് വരെ വിശ്രമിക്കുക. ശേഷം വളരെ പതുക്കെ നടന്നു തുടങ്ങാം.















