തൃശൂർ: ഹണിട്രാപ്പ് വഴി രണ്ടരക്കോടി രൂപയോളം തട്ടിയ യുവതിയേയും യുവാവിനേയും തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരാണ് പിടിയിലായത്. തൃശൂർ പൂങ്കുന്നം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
സമൂഹമാദ്ധ്യമം വഴി രണ്ട് വർഷം മുൻപാണ് പൂങ്കുന്നം സ്വദേശിയായ വയോധികൻ യുവതിയുമായി പരിചയത്തിൽ ആകുന്നത്. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും ചെറുപ്പക്കാരിയാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് യുവതി വയോധികനുമായി ബന്ധം സ്ഥാപിച്ചത്. ഈ കാലയളവിനിടെ പലതവണകളായി യുവതി വയോധികനിൽ നിന്ന് പണം വാങ്ങി. പിന്നീട് പണം തിരിച്ചുചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ സഹികെട്ട വയോധികൻ തൃശൂർ വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തൃശൂർ സിറ്റി എസിപിയുടെ പ്രത്യേക സ്ക്വാഡും, വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ യുവതിയുടെ കൊല്ലം അഞ്ചലാംമൂട്ടിലെ വീട്ടിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ 60 പവനിലധികം സ്വർണാഭരണങ്ങളും, മൂന്ന് ആഡംബര കാറുകളും ഒരു ജീപ്പും ബൈക്കും പൊലീസ് പിടികൂടി. വയോധികനിൽ നിന്ന് തട്ടിച്ചെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണിതെല്ലാം. തട്ടിപ്പിലൂടെ സ്വരൂപിച്ച പണം ആഡംബര ജീവിതത്തിനായാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്.
തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി. പ്രതികൾ സമ്മാനരീതിയിൽ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.