പത്തനംതിട്ട: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. തിരുവല്ല സ്വദേശി അജിൻ ജോർജാണ് പിടിയിലായത്. വിദേശത്ത് ഉയർന്ന ജോലി നൽകാമെന്ന് പറഞ്ഞ് ഇയാൾ നഴ്‌സിംഗ് വിദ്യാർത്ഥികളിൽ നിന്നും സ്ത്രീകളിൽ നിന്നും ലക്ഷങ്ങൾ തട്ടുകയായിരുന്നു.
സമൂഹമാദ്ധ്യമങ്ങൾ വഴി പരിചയപ്പെടുന്ന ആളുകളാണ് കൂടതലും ഇയാളുടെ തട്ടിപ്പിന് ഇരയായത്. വിദേശത്ത് എത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത് തരാമെന്ന് വാഗ്ദാനം നൽകി തൃശൂർ സ്വദേശി സാം യോഹന്നാനിൽ നിന്ന് ഇയാൾ 2 ലക്ഷം രൂപ തട്ടിയിരുന്നു.
സാമിനെയും ഭാര്യയെയും യുകെയിൽ എത്തിക്കാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് സാം പണം നൽകിയെങ്കിലും പിന്നീട് അജിൻ മുങ്ങുകയായിരുന്നു. ഇതോടെ സാം പൊലീസിൽ പരാതിപ്പെട്ടു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ എളമക്കര സ്വദേശിയിൽ നിന്നും 42 ലക്ഷം രൂപ ഇയാൾ തട്ടിയതായും പൊലീസ് കണ്ടെത്തി. കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം ജില്ലകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.