മുംബൈ സ്വദേശിനിയായ 16-കാരിയെ പുതുച്ചേരി ബീച്ചിൽ അവശനിലയിൽ കണ്ടെത്തി. ദീപാവലിക്ക് പുതുച്ചേരിയിലെ കുടുംബത്തെ കാണാനെത്തിയ കുട്ടിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. തർക്കത്തെ തുടർന്ന് വീട് വിട്ട കുട്ടിയെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. പെൺകുട്ടിയെ ആദ്യം ഓട്ടോറിക്ഷ ഡ്രൈവറും പിന്നീട് ഒരു കൂട്ടം ടെക്കികളും പീഡനത്തിനിരയാക്കിയെന്നാണ് പൊലീസ് പറയുന്നത്. ജിമ്പെർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടുകൾ ബലാത്സംഗം സ്ഥിരീകരിച്ചു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് നേരിടേണ്ടിവന്ന ക്രൂരതകൾ പൊലീസ് കണ്ടെത്തിയത്. വീട് വിട്ട പെൺകുട്ടി ഒരു ഓട്ടോറിക്ഷയിൽ കയറി. കാജ മൊഹിദീൻ എന്നയാളായിരുന്നു ഡ്രൈവർ. ടൂറിസം കേന്ദ്രത്തിൽ എത്തിക്കാൻ പെൺകുട്ടി പറഞ്ഞെങ്കിലും ഇയാൾ കുട്ടിയെ ഗസ്റ്റ് ഹൗസിലും വീട്ടിലും എത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് ആരോവില്ലയിൽ ഉപേക്ഷിച്ചു.
കുട്ടി പിന്നീട് ചെന്നൈയിലെ സുഹൃത്തിന്റെ അടുത്തേക്ക് പോകാൻ ടെക്കികൾ സഞ്ചരിച്ച വാഹനത്തിലാണ് ലിഫ്റ്റ് ചോദിച്ചത്. എന്നാൽ ഇവർ പെൺകുട്ടിയെ റൂമിൽ എത്തിച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി, രണ്ടു ദിവസം മുറിയിൽ ബന്ദിയാക്കുകയും തുടർന്ന് കാബ് ബുക്ക് ചെയ്ത് പുതുച്ചേരിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.കാജ മൊഹിദീൻ, ആന്ധ്രയിൽ നിന്നുള്ള ഒരു ടെക്കി, ഒഡീഷയിൽ നിന്നുള്ള രണ്ടുപേർ എന്നിവർ പോക്സോ കേസിൽ അറസ്റ്റിലായി. ഗ്രാൻഡ് ബസാർ പൊലീസ് മൂന്ന് പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി.