വഡലൂർ: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കാനൊരുമ്പോൾ ആന്ധ്രാപ്രദേശിലെ വഡലൂർ ഗ്രാമത്തിലും വലിയ ആഘോഷ പരിപാടികളാണ് നടക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെ ഡി വാൻസിന്റെ ഭാര്യ ഉഷ ചിലുകുരിയുടെ വേരുകൾ ആന്ധ്രാപ്രദേശിലാണ്. യുഎസിന്റെ സെക്കന്റ് ലേഡിയാകുന്ന ആദ്യ ഇന്ത്യൻ വംശജ കൂടിയാണിവർ.
തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയം ഉറപ്പിച്ചതിന് പിന്നാലെ പശ്ചിമ ഗോദാവരിയിലെ ഗ്രാമവാസികൾ അവരുടെ ആഘോഷപരിപാടികൾ ആരംഭിച്ചിരുന്നു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് അവർ ട്രംപിന്റേയും ജെ ഡി വാൻസിന്റേയും വിജയം ആഘോഷിച്ചത്. ഒരു തെലുങ്ക് പെൺകുട്ടി ഇന്ന് വൈറ്റ് ഹൗസിലേക്ക് ഔദ്യോഗിക പ്രവേശനം നേടിയെന്നാണ് വഡലൂർ സ്വദേശികൾ അഭിമാനത്തോടെ പറയുന്നത്.
വേദശാസ്ത്രത്തിൽ അഗാധ പാണ്ഡിത്യമുള്ളവരാണ് കൃഷ്ണ ജില്ലയിലെ വഡലൂരിലുള്ള ചിലകലൂരിപ്പേട്ടയിൽ നിന്നുള്ള ചിലുകുരികൾ. വേദശാസ്ത്രങ്ങൾക്ക് പുറമെ സംഗീതത്തിലും ഇവർ മികവ് തെളിയിച്ചിട്ടുണ്ട്. ആന്ധ്ര സർവകലാശാല, മദ്രാസ് ഐഐടി തുടങ്ങിയ പ്രശസ്ത സ്ഥാനപനങ്ങളിലെല്ലാം ചുലകുരി കുടുംബാംഗങ്ങൾ വലിയ സ്ഥാനം വഹിച്ചിട്ടുണ്ട്. 1980ലാണ് ഉഷയുടെ മാതാപിതാക്കൾ സാൻ ഡീഗോയിലേക്ക് കുടിയേറിയത്. അവിടെ വച്ചാണ് ഉഷയും സഹോദരി ശ്രേയയും ജനിക്കുന്നത്. മൂന്ന് വർഷം മുൻപ് ഉഷയുടെ അച്ഛൻ വഡലൂരിലെത്തിയിരുന്നു.
ഉഷയുടെ നേട്ടത്തിൽ വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്നാണ് ചെന്നൈയിൽ താമസിക്കുന്ന ഉഷയുടെ പിതൃസഹോദരി ഡോ.ശാരദ ജന്ദ്യാല പറഞ്ഞത്. കമലാ ഹാരിസ് വിജയിച്ചാലും തങ്ങൾ സന്തോഷിക്കുമായിരുന്നുവെന്നും, എന്നാൽ തങ്ങളുടെ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടി ഈ നേട്ടം സ്വന്തമാക്കിയത് വലിയ അഭിമാനമുഹൂർത്തമാണെന്നും വഡലൂരുകാർ പറയുന്നു. ഇന്ത്യൻ വേരുകളുള്ളതിൽ വളരെ അധികം അഭിമാനിക്കുന്നയാളാണ് ഉഷയെന്ന് ഇന്തോ-അമേരിക്കൻ അസോസിയേഷനിലും, ഏരിയ തെലുങ്ക് അസോസിയേഷനിലും അംഗമായ വിജയ ഒസൂരി പറയുന്നു.