വെറും വയറ്റിൽ വിശപ്പ് മാറാൻ എന്ത് ഭക്ഷണവും കഴിക്കാം എന്ന ചിന്ത തെറ്റാണ്. ഇത് അപകടകരമായ പ്രവണതയാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ചില ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഒട്ടും തന്നെ ഗുണകരമാവില്ല. അത് ഏതൊക്കെയാണെന്ന് നോക്കാം.
- കോഫി
രാവിലെ ഉറക്കമുണർന്ന് കോഫി കുടിച്ച് ഒരു ദിവസം തുടങ്ങുന്നവരാണ് പലരും. എന്നാൽ ഇത് അത്ര നല്ല ശീലമല്ല. കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ആമാശയത്തിലെ ആസിഡ് ഉത്പാദിപ്പിക്കുന്ന ഹോർമോണിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തും. ഇത് മൂലം, ഓക്കാനം,മറ്റ് ശാരീരിക അസ്വസ്ഥതകൾ എന്നിവ ഉണ്ടായേക്കാം.
- സിട്രസ് പഴങ്ങളും ജ്യൂസും
പേരയ്‌ക്ക, മുന്തിരി, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളോ ഇവയുടെ ജ്യൂസോ വെറും വയറ്റിൽ കഴിച്ചാൽ ദഹന പ്രശ്‍നങ്ങൾക്ക് കാരണമാകും. ഈ പഴങ്ങൾ കുടലിലെ ആസിഡ് ഉത്പാദനം വർദ്ധിപ്പിക്കും. ഇത് ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രിക് അൾസർ എന്നിവയ്‌ക്ക് കാരണമാകും.
- തൈര്
പ്രോബയോട്ടിക്സ്, ലാക്ടിക് ആസിഡ് എന്നിവ ഉയർന്നതോതിൽ അടങ്ങിയിരിക്കുന്നതിനാൽ തൈര് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ വെറും വയറ്റിൽ ഇത് കുടിച്ചാൽ ആമാശയത്തിലെ ഉയർന്ന അസിഡിറ്റി അളവ് കാരണം തൈരിലുള്ള ലാക്ടിക് ആസിഡ് ബാക്ടീരിയകളെ പ്രവർത്തനരഹിതമാക്കുന്നു. - കാർബണേറ്റഡ് പാനീയങ്ങൾ
വിവിധ നിറങ്ങളിലുള്ള സോഡാ, സെൽറ്റ്‌സർ എന്നിവ കാണാനും കുടിക്കാനും രസകരമായി തോന്നാമെങ്കിലും ഇത് വെറുംവയറ്റിൽ അകത്താക്കിയാൽ വയറുവേദനയ്‌ക്ക് കാരണമായേക്കാം. മധുരമുള്ള കർബണേറ്റഡ് പാനീയങ്ങളിലെ പഞ്ചസാര ഷുഗർ സ്പൈക്കിനും കാരണമാകും.
- മധുരമുള്ള ഭക്ഷണങ്ങൾ, മസാലകൾ, കൊഴുപ്പുള്ള ഭക്ഷണങ്ങൾ
വെറും വയറ്റിൽ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഇൻസുലിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാൻ ഇടയാക്കും. മാത്രമല്ല മധുരം ധാരാളമടങ്ങിയ ആഹാരങ്ങൾ വയറിളക്കത്തിന് കാരണമാകും. കൂടാതെ മസാല അടങ്ങിയ എരിവുള്ള ഭക്ഷണങ്ങളിൽ ക്യാപ്‌സൈസിൻ എന്ന രാസവസ്തുവുണ്ട്. ഇത് വയറുവേദനക്കും ദഹന പ്രശ്നങ്ങൾക്കും കാരണമാകും. ഫ്രഞ്ച് ഫ്രൈ, ചിക്കൻ ഫ്രൈ തുടങ്ങിയ കൊഴുപ്പുള്ള ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.