കൊല്ലം: യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം പാലാ സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത്. കൊല്ലം അഴീക്കലിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ അഴീക്കൽ സ്വദേശിനി ഷൈജ മോളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്.
ഷൈജ മോളുടെ വീടിനുള്ളിൽ ആരും അറിയാതെ കയറിയ ഷിബു ചാക്കോ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി. തുടർന്ന് യുവാവ് സ്വയം പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഷിബു ചാക്കോ മരിച്ചിരുന്നു. 80 ശതമാനത്തിലധികം പൊള്ളലേറ്റ ഷൈജ മോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇരുവരും ഏറെ നാളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. വിവാഹ തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഷിബു ചാക്കോ. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് കേസുകളുടെ പേരിൽ ഇരുവർക്കുമിടയിൽ അകൽച്ചയുണ്ടാവുകയും മാറി താമസിക്കുകയും ചെയ്തു. ഇതാകാം ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.