മോസ്കോ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയം നേടിയതോടെ റഷ്യയിലെ ഒരു വാർത്താ ചാനലിൽ ട്രംപിന്റെ ഭാര്യയുടെ അശ്ലീല ചിത്രം സംപ്രേഷണം ചെയ്തെന്ന് റിപ്പോർട്ട്. മുൻ പ്രഥമ വനിത മെലാനിയ ട്രംപിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള ചിത്രം ഒരു മണിക്കൂറോളം തുടർച്ചയായി സംപ്രേഷണം ചെയ്തെന്നാണ് റിപ്പോർട്ട്. റഷ്യൻ മീഡിയ മോണിറ്റർ ക്രിയേറ്റർ ജൂലിയ ഡേവിസ് ആണ് ഇതുസംബന്ധിച്ച വിവരം എക്സിലൂടെ പങ്കുവച്ചത്.
വൈറ്റ് ഹൗസിലേക്ക് തിരിച്ചുവരാൻ മുൻ പ്രഥമ വനിത തയ്യാറെടുക്കുന്നുവെന്ന് അവതാരകൻ യെവ്ഗെനി പോപോവ് പറഞ്ഞതിന് പിന്നാലെ മെലാനിയയുടെ നഗ്നചിത്രങ്ങൾ ചാനലിൽ പ്രദർശിപ്പിക്കുകയായിരുന്നു. ജിക്യൂ മാഗസീന് വേണ്ടി 2000 കാലഘട്ടത്തിൽ മെലാനിയ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഓരോ ചിത്രങ്ങളും സൂം ചെയ്ത് ചാനലിൽ പ്രദർശിപ്പിക്കുകയും അവതാരകൻ അതിനെ വിവരിക്കുകയും ചെയ്തു.
റഷ്യൻ ടിവി ചാനലിന്റെ പ്രവൃത്തിയെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽമീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. തീർത്തും ലജ്ജാകരമായ നടപടിയാണ് റഷ്യൻ ചാനലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും പലരും എക്സിൽ കുറിച്ചു.
മെലാനിയ ട്രംപിന്റെ നഗ്നഫോട്ടോഷൂട്ട് നേരത്തെയും ചർച്ചയായിട്ടുണ്ട്. മനുഷ്യശരീരത്തിന്റെ സൗന്ദര്യം വിലമതിക്കാൻ കഴിയാത്തതാണ് എന്നായിരുന്നു ഇക്കാര്യത്തിൽ മെലാനിയയുടെ പ്രതികരണം. ശരീരത്തെ നമ്മൾ ബഹുമാനിക്കണം. കലയെ സ്വയം പ്രകടിപ്പിക്കുന്നതിനുള്ള ശക്തമായ മാർഗമായി ശരീരത്തെ ഉപയോഗിക്കുന്നതിനെ അംഗീകരിക്കാൻ തയ്യാറാകണമെന്നും മെലാനിയ പറഞ്ഞിട്ടുണ്ട്.