കെബെര്‍ഹ: രണ്ടാം ടി20യിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തകർച്ച. ആദ്യ മത്സരത്തിലെ സെഞ്ച്വറിക്കാരൻ സഞ്ജു സാംസൺ ഡക്കായി. മാർക്കോ യാൻസനാണ് താരത്തെ ആദ്യ ഓവറിൽ ബൗൾഡാക്കിയത്. നാലോവറിൽ. 15 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. മൂന്ന് പന്തായിരുന്നു സഞ്ജുവിന്റെ ആയുസ്.
അഭിഷേക് ശർമ ഒരു ബൗണ്ടറി മാത്രം നേടി ഒരിക്കൽകൂടി നിരാശപ്പെടുത്തി. 4 റൺസെടുത്ത താരത്തെ ജെറാൾഡ് കോർടീസി യാൻസന്റെ കൈയിലെത്തിച്ചു. ക്യാപ്റ്റൻ സൂര്യകുമാറിനും അധിക നേരം പിടിച്ചുനിൽക്കാനായില്ല. ആന്‍ഡില്‍ സിമെലന്‍ താരത്തെ എൽബിയിൽ കുരുക്കി.
ആദ്യ ടി20 കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യയിറങ്ങിയത്. ദക്ഷിണാഫ്രിക്കൻ നിരയിൽ ക്രുഗറിന് പകരം റീസ ഹെന്‍ഡ്രിക്‌സ് ടീമിലെത്തി. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ടി20 ജയിച്ച ഇന്ത്യ 1-0ത്തിന് മുന്നിലാണ്.