ഇന്ത്യയിൽ പുറത്തിറങ്ങിയ ചില ചിത്രങ്ങളുണ്ട്, മനുഷ്യ മനസിനെ വല്ലാതെ അസ്വസ്ഥമാക്കുന്നവ. ഇവയിൽ ചിലത് നടന്ന സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് അറിയുമ്പോൾ ഭയം ഒന്നുകൂടി വർദ്ധിക്കും. ഇത്തരം സിനിമകൾ കണ്ടു പൂർത്തിയാക്കാൻ ചില്ലറ ധൈര്യമൊന്നും പോര. അത്തരത്തിൽ മനുഷ്യ മനസിനെ വേട്ടയാടുന്ന അല്ലെങ്കിൽ ഭീതിപ്പെടുത്തുന്ന ചില ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
സെക്ടർ 36 (നെറ്റ്ഫ്ലിക്സ്)
തെരുവിൽ നിന്ന് കുട്ടികളെ കടത്തിക്കൊണ്ടുപോയി അവരുടെ മാംസം ഭക്ഷിക്കുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണിത്. വിക്രാന്ത് മാസി, ദീപക് ദോബ്രിയാൽ,ഇപ്ഷിത ചക്രബർത്തി സിംഗ്, ആകാഷ് ഖുറാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ബൻഡിറ്റ് ക്വീൻ(പ്രൈം വീഡിയോ)
ഫൂലൻ ദേവിയുടെ ജീവിത്തത്തിലുണ്ടായ ക്രൂര സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. സീമ ബിസ്വാസ്, നിർമൽ പാണ്ഡെ, മനോജ് ബാജ്പെ,ആദിത്യ ശ്രീവാത്സവ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായത്.
ആമീസ് (സോണി ലീവ്)
വിവാഹിതയായ ഒറ്റപ്പെട്ട വീട്ടമ്മ തന്നേക്കാൾ പ്രായം കുറഞ്ഞ യുവാവിൽ സാന്ത്വനം കണ്ടെത്തുകയും പിന്നീട് അവരുടെ പ്രണയ ബന്ധം മറ്റാെരു വഴിത്തിരിവിൽ എത്തുന്നതുമാണ് ചിത്രം. മൃതദേഹ മാംസങ്ങൾ ഭക്ഷിക്കുന്നതിലേക്കാണ് ഇരുവരും തിരിയുന്നത്. അസമി ചിത്രമായ ആമീസ് ഹിന്ദിയിലേക്ക് മാെഴിമാറ്റം ചെയ്ത് എത്തിയിരുന്നു. ലിമ ദാസ്, അർഘാദീപ് ബറുവ, നീതാലി ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്.
വെൽക്കം ഹോം( സോണി ലിവ്)
ഒറ്റപ്പെട്ട ഒരു വീട്ടിൽ സെൻസ് എടുക്കാൻ പോകുന്ന രണ്ടു സർക്കാർ ഉദ്യോഗസ്ഥരായ യുവതികൾ നേരിടേണ്ടി വരുന്ന ക്രൂരതകളാണ് ചിത്രം പറയുന്നത്. വീട്ടിലെ ദുരൂഹതകളും വെളിപ്പെടുന്നു. കശ്മിര ഇറാനി, ടീന ഭാട്ടിയ,ബോലോ റാം ദാസ്, എന്നിവരാണ് പ്രധാന താരങ്ങളായത്.
ചോരി( പ്രൈം വീഡിയോ)
വിവാഹിതരായ ദമ്പതികൾ വിജനമായ കൃഷിയിടത്തിലെ ഒറ്റപ്പെട്ട വീട്ടിൽ താമസിക്കേണ്ടി വരുന്നതും. യുവതി നേരിടേണ്ടി വരുന്ന അസ്വഭാവിക സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സസ്പെൻസും ഹൊററും നിലനിർത്തുന്ന ചിത്രം പ്രേക്ഷകന്റെ നെഞ്ചിടിപ്പേറ്റും. നുശ്രത്ത് ഭറൂച്ചാ, യാനിയ ഭരദ്വാജ്, സൗരഭ് ഗോയൽ, പല്ലവി അജയ്, മിത വസിഷ്ഠ് തുടങ്ങിയവർ കഥാപാത്രങ്ങളായി.
ഗോസ്റ്റ് സ്റ്റോറീസ്( നെറ്റ്ഫ്ലിക്സ്)
ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറീസ് നാലുപേർ ജീവിതത്തിൽ നേരിടുന്ന അമാനുഷിക സാഹചര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ശോഭിത ധൂലിപാല, ജാൻവി കപൂർ, മൃണാൽ താക്കൂർ, കുഷാ കപിലാ, അവിനാഷ് തിവാരി, സുഖാന്ദ് ഗോയർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മാതൃഭൂമി(യുട്യൂബ്)
ഒരു ധനികൻ അഞ്ചു മക്കളുടെ ലൈംഗിക അഭിലാഷങ്ങൾ നിറവേറ്റാൻ ഒരു യുവതിയെ വാങ്ങുന്നതും അവർ നേരിടേണ്ടിവരുന്ന കൊടിയ പീഡനങ്ങളുമാണ് ചിത്രം പറയുന്നത്. തുലിപ് ജോഷി, സുധീർ പാണ്ഡെ, സുശാന്ത് സിംഗ്, പങ്കജ് ജാ, പിയുഷ് മിശ്ര തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി.