ന്യൂഡൽഹി: റഷ്യയുമായി 100 ബില്യൺ ഡോളറിന്റെ വ്യാപാരബന്ധമെന്ന ലക്ഷ്യം 2030 ന് മുൻപു തന്നെ കൈവരിക്കാനാകുമെന്ന് ഇന്ത്യയ്‌ക്ക് ആത്മവിശ്വാസമുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. വ്യാപാരത്തിനെതിരായ വെല്ലുവിളികൾ, പ്രത്യേകിച്ച് പേമെൻ്റുകളും ലൊജിസ്റ്റിക്‌സും സംബന്ധിച്ച പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇരുപക്ഷത്തും പ്രകടമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-റഷ്യ ഇൻ്റർഗവൺമെൻ്റൽ കമ്മീഷന്റെ 25-ാമത് യോഗത്തിൽ പങ്കെടുത്ത ശേഷമായിരുന്നു ജയ്ശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്.
യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മാൻ്റുറോവും വ്യാപാര സാങ്കേതിക സഹകരണം സംബന്ധിച്ച ചർച്ചകൾ നടത്തി. ഉഭയകക്ഷി വ്യാപാരത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദേശകാര്യമന്ത്രി ആവർത്തിച്ചു.
2022 മുതൽ റഷ്യൻ ക്രൂഡ് ഓയിലിന്റെ വൻതോതിലുള്ള ഇറക്കുമതി കാരണം റഷ്യയുമായി ഇന്ത്യക്ക് ഏകദേശം 57 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മി ഉണ്ടായിട്ടുണ്ട്. 2030-ഓടെ വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്തുകയെന്ന ലക്ഷ്യമാണ് ഇരുരാജ്യങ്ങളും മുന്നോട്ട് വെച്ചത്. 2030-ന് മുമ്പ് ഇന്ത്യ ഈ വ്യാപാര ലക്ഷ്യം കൈവരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ജയശങ്കർ പറഞ്ഞു
ഉഭയകക്ഷി വ്യാപാരത്തിൽ നിലവിൽ 66 ബില്യൺ ഡോളറിന്റെ വളർച്ചയുണ്ടായിട്ടുണ്ടെങ്കിലും വ്യാപാരം കൂടുതൽ സന്തുലിതമാക്കാൻ നിലവിലെ പരിമിതികൾ പരിഹരിക്കുകയും കൂടുതൽ സുഗമമായ ശ്രമങ്ങൾ നടത്തുകയും വേണമെന്നും ജയശങ്കർ പറഞ്ഞു. അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരുവശങ്ങളിലുമുള്ള വ്യാപാരം അഞ്ചിരട്ടിയിലധികം വളർന്നുവെന്നും ഇന്ത്യ ഇപ്പോൾ റഷ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണെന്നും ഡെനിസ് മാൻ്റുറോവ് പറഞ്ഞു. ഇന്ത്യയിൽ നിന്ന് കാർഷികോൽപ്പന്നങ്ങൾ സംഭരിക്കുന്നതിനു പുറമേ, വ്യാവസായിക ഉപകരണങ്ങൾ, ഘടകങ്ങൾ, ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ എന്നിവയും റഷ്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.