എറണാകുളം: മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. വഖ്ഫ് ബോർഡിന്റെ ഉത്തരവിൽ മുമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ വശവും കേട്ടാണ് ബോർഡ് ഇക്കാര്യത്തിൽ തീരുമാനം ഏടുത്തതെന്നും രാജീവ് പറഞ്ഞു.
വഖ്ഫ് ബോർഡിന്റെ ഉത്തരവിന്റെ പകർപ്പ് ഉയർത്തികാണിച്ചു കൊണ്ടാണ് മന്ത്രിയുടെ വാക്കുകൾ. മുസ്ലീം ലീഗ് നേതാവായിരുന്ന പാണക്കാട് സയ്യീദ് റഷീദ് അലി തങ്ങളാണ് അന്ന് വഖ്ഫ് ചെയർമാൻ. വഖ്ഫ് മാനദണ്ഡപ്രകാരമാണ് ഇത് ചെയ്തത്. എല്ലാം കാര്യങ്ങളും പരിശോധിച്ച് ശേഷമാണ് നടപടികളിലേക്ക് കടന്നത്. കെപിസിസി സെക്രട്ടറിയായി ഇരുന്നയാളാണ് ഇതിന്റെ പവർ ഓഫ് അറ്റോണിയെന്നും രാജീവ് പറഞ്ഞു.
മുനമ്പത്തെ ജനകീയ സമരം ഒരുമാസം പിന്നീടിമ്പോഴാണ് ഭൂമി വഖ്ഫിന്റേത് തന്നെയെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ആവർത്തിച്ചത്. വിഷയത്തിൽ സർക്കാറും പ്രതിപക്ഷവും ഉരുണ്ടുകളി തുടരുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ചർച്ച വെറും അഞ്ച് മിനിറ്റാണ് നീണ്ടുനിന്നത്. ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ‘ചർച്ച നാടക’മെന്ന വിമർശനവും ശക്തമാണ്. പ്രതിപക്ഷമാകട്ടെ മുസ്ലീം വോട്ട് ബാങ്കിനെയും ലീഗിനെയും ഭയന്ന് നിൽക്കുകയാണ്. ഇരുപക്ഷവും പൊതുവേദിയിൽ പരസ്പരം കുറ്റപ്പെടുത്തി മുന്നോട്ട് പോകുമ്പോൾ നിയമസഭയിൽ വഖ്ഫിന്റെ കാര്യത്തിൽ ഒറ്റക്കെട്ടാണ്.