തിരുവനന്തപുരം: സ്‌കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെട്ടതിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. മൂന്നംഗ സമിതിയെ ഇതിനായി നിയോഗിച്ചു. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം.
സംഭവത്തിലുൾപ്പെട്ട നവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്‌കൂളുകളോട് വിശദീകരണം തേടും. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി എം.ഐ മീനാംബിക, ജോയിന്റ് സെക്രട്ടറി ബിജു കുമാർ ബി.ടി, എസ്‌സിഇആർടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ എന്നിവരാണ് സമിതി അംഗങ്ങൾ.
ഇത്തവണ സ്‌കൂൾ ഒളിമ്പിക്‌സ് എന്ന രീതിയിൽ സംഘടിപ്പിക്കപ്പെട്ട മേളയിലാണ് സമാപന സമ്മേളനത്തിൽ സംഘർഷം ഉൾപ്പെടെ ഉണ്ടായത്. സ്‌പോർടസ് സ്‌കൂളായ തിരുവനന്തപുരം ജിവി രാജയ്‌ക്ക് രണ്ടാം സ്ഥാനം നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു സംഘർഷമുണ്ടായത്. സ്‌പോർട്‌സ് സ്‌കൂളിനെ ഒഴിവാക്കണമെന്ന് ആയിരുന്നു പ്രതിഷേധമുയർത്തിയ വിദ്യർത്ഥികളുടെയും സ്‌കൂൾ അദ്ധ്യാപകരുടെയും ആവശ്യം. സ്‌കൂൾ കായികമേളയുടെ മാനുവൽ പരിഷ്‌കരണമാണ് പ്രതിസന്ധിക്കിടയാക്കിയതെന്നാണ് പ്രതിഷേധമുയർത്തിയ സ്‌കൂളുകളുടെ ആരോപണം.
അതേസമയം 2018 ഓഗസ്റ്റ് 17 നാണ് കേരള സ്‌കൂൾ കായികമേളയുടെ മാനുവൽ പരിഷ്‌കരിച്ചത്. ഇതിൽ ഒരിടത്തും ജനറൽ സ്‌കൂൾ എന്നും സ്‌പോർട്‌സ് സ്‌കൂൾ എന്നും വേർതിരിവ് വേണമെന്ന് പറയുന്നില്ലെന്നാണ് മന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും വാദം. 10 വയസ്സിന് താഴെയുള്ള കുട്ടികൾ വരെ അണിനിരന്ന കലാപരിപാടി തടസ്സപ്പെടുത്താൻ വേണ്ടി മൈക്ക് ഓഫ് ചെയ്യുന്ന നില വരെയുണ്ടായി. ഇതിനെല്ലാം നേതൃത്വം നൽകിയത് ഈ സ്‌കൂളുകളിലെ അധ്യാപകരാണെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
24,000 കായികതാരങ്ങൾ പങ്കെടുത്ത മേളയിൽ തിരുനാവായ നാവാമുകുന്ദ സ്‌കൂളിൽ നിന്ന് 31 കായികതാരങ്ങളും മാർ ബേസിലിൽ നിന്ന് 76 കായികതാരങ്ങളും ആണ് പങ്കെടുത്തത്.
സമാപന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ഇരുന്ന വേദിയിലേക്കാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രതിഷേധവുമായി എത്തിയത്. പ്രശ്‌നം പരിഹരിക്കാമെന്ന് വി. ശിവൻകുട്ടി അറിയിച്ചെങ്കിലും സ്‌കൂളുകൾ പിൻമാറിയില്ല. തുടർന്ന് സംഘർഷത്തിനിടെ മന്ത്രിയെ പൊലീസ് വേദിയിൽ നിന്ന് സുരക്ഷിതമായി മാറ്റുകയായിരുന്നു.