പർഭാനി: രാഹുലിനും സോണിയക്കുമെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്‌ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 20ന് നടക്കുമ്പോൾ അവിടെ ക്രാഷ് ലാൻഡ് ചെയ്യാൻ പോകുന്ന വിമാനമാണ് ‘രാഹുൽ ബാബ’ എന്ന് അമിത് ഷാ പരിഹസിച്ചു. നേരത്തെ 20 തവണ ക്രാഷ് ലാൻഡ് ചെയ്ത രാഹുൽ ബാബ 21-ാമത്തെ ശ്രമത്തിലും പരാജയപ്പെടുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
രാഹുൽ ബാബ എന്ന പ്ലെയിൻ ലാൻഡ് ചെയ്യാൻ കിണഞ്ഞുപരിശ്രമിക്കുകയാണ് സോണിയാ ജി. കഴിഞ്ഞ 20 തവണ ശ്രമിച്ചപ്പോഴും ക്രാഷ് ലാൻഡിംഗായിരുന്നു. ഇപ്പോൾ വീണ്ടും ലാൻഡിംഗിന് പരിശ്രമിക്കുകയാണ്. ഇത്തവണയും മാറ്റമുണ്ടാകില്ല. സോണിയാ ജി, നിങ്ങളുടെ ‘രാഹുൽ പ്ലെയിൻ’ 21-ാമതും ക്രാഷ് ലാൻഡ് ചെയ്യാൻ പോവുകയാണ് – അമിത് ഷാ പറഞ്ഞു. മഹാരാഷ്‌ട്രയിലെ പർഭാനി ജില്ലയിലെ ജിൻഡൂരിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണം വർഷങ്ങളോളം വൈകിപ്പിച്ച കോൺഗ്രസിനെതിരെയും അമിത് ഷാ ആഞ്ഞടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രം നിർമിക്കാൻ മുൻകൈയെടുത്തു. ഔറംഗസേബ് തകർത്ത കാശി വിശ്വനാഥ് ക്ഷേത്രത്തിനായി ഇടനാഴിയും നിർമ്മിച്ചു. ഇനി സോമനാഥ് ക്ഷേത്രം സ്വർണം പൂശാൻ പോവുകയാണ്. അതുകാണാൻ നിങ്ങൾ ഗുജറാത്ത് സന്ദർശിക്കണമെന്നും കോൺഗ്രസിനോട് അമിത് ഷാ പറഞ്ഞു. മോദി രാജ്യത്തെ സുരക്ഷിതവും സമൃദ്ധവുമാക്കിയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.