ഒരു കല്യാണമല്ലേയുള്ളൂ എന്നോർത്ത് എത്രത്തോളം വിവാഹം വ്യത്യസ്തമാക്കാം, ആർഭാടമാക്കാമെന്നാണ് പുതുതലമുറ ചിന്തിക്കുന്നത്. ഓരോ ആറ് മാസം കൂടുമ്പോഴും ഓരോ ചടങ്ങുകൾ കൂടുകയാണോ എന്ന് പോലും ചിന്തിക്കേണ്ടിയിരിക്കുന്നു. സംഗീത്, ഹൽദി, പ്രീവെഡിംഗ് ഫോട്ടോഷൂട്ട്, പോസ്റ്റ് വെഡിംഗ് ഫോട്ടോഷൂട്ട് എന്നു തുടങ്ങി എണ്ണിയാലോടുങ്ങാത്ത ചടങ്ങുകളാണ് നടത്തുന്നത്. ഇതിനൊക്കെ ചെലവാകുന്ന തുകയോർത്ത് തലപുകയുന്നവർക്ക് ആശ്വാസ വാർത്തയുമായി എത്തുകയാണ് മാട്രിമോണിഡോട്ട്‌കോം.
വിവാഹ ആവശ്യങ്ങൾക്കായി ലോൺ അടിസ്ഥാനത്തിൽ പണം നൽകാനുള്ള സംവിധാനമാണ് മാട്രിമോണിഡോട്ട്കോം ആവിഷ്കരിച്ചിരിക്കുന്നത്. WeddingLoan.com എന്ന വെബ്സൈറ്റിലൂടെയാകും ലോൺ ലഭിക്കുക. ടാറ്റ ക്യാപിറ്റൽസ്, ഐ.ഡി.എഫ്.സി, എൽ ആൻഡ് ടി ഫിനാൻസ്, ടി.വി.എസ് ക്രെഡിറ്റ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പുതിയ സംവിധാനം യാഥാർത്ഥ്യമാക്കുക.
ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം വിവാഹ പദ്ധതി തയ്യാറാക്കി നൽകും. കല്യാണത്തിന് മുൻപുള്ള ചെലവുകളും ഇതിൽ ഉൾപ്പെടും. 50,000 രൂപ മുതൽ പത്ത് ലക്ഷം രൂപ വരെ ഇത്തരത്തിൽ ലോൺ ലഭിക്കുമെന്നാണ് വിവരം. വിവാഹ ആവശ്യങ്ങൾക്കായി ലോൺ അനുവദിക്കുന്ന മറ്റ് ധനകാര്യ സ്ഥാപനങ്ങളുണ്ടെങ്കിലും ഇതിന് മാത്രമായൊരു പ്ലാറ്റ്ഫോമുണ്ടായിരുന്നില്ല. വിവാഹ മാർക്കറ്റിൽ മുന്നേറ്റം സൃഷ്ടിക്കുകയാണ് മാട്രിമോണിഗ്രൂപ്പിന്റെ ലക്ഷ്യം.















