കോഴിക്കോട്: മേലേ കൂമ്പാറയിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഇതര സംസ്ഥാന തൊഴിലാളികളുമായി പോയിരുന്ന പിക്കപ്പ് വാനാണ് മറിഞ്ഞത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നിർമ്മാണ തൊഴിലാളികളായിരുന്നു വാനിലുണ്ടായിരുന്നത്.
അപകടത്തിൽ 15ലധികം തൊഴിലാളികൾക്ക് പരിക്കേറ്റു. പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാരുടെയും അഗ്നിശമസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനം ഭാഗികമായി തകർന്ന നിലയിലാണ്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ ആരോഗ്യനില പരിശോധിച്ച് വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.















