മുംബൈ: മഹാരാഷ്‌ട്രയിൽ മഹായുതി തരംഗത്തിൽ അടിപതറിയ മഹാവികാസ് അഘാഡി സഖ്യത്തിന് പല സീറ്റുകളിലും നേരിട്ട തിരിച്ചടി ഹൃദയഭേദകമാണ്. സകോലി നിയമസഭാ സീറ്റിൽ കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷൻ വിജയിച്ചത് കേവലം 208 വോട്ടുകൾക്കാണ്. ബിജെപിയുടെ പുതുമുഖ സ്ഥാനാർത്ഥി അവിനാശ് ബ്രഹ്‌മാങ്കർ ആയിരുന്നു എതിരാളി.
96,795 വോട്ടുകളാണ് നാനാ പടോലെ നേടിയത്. ബിജെപിയുടെ അവിനാശ് ആനന്ദ്‌റാവു ബ്രഹ്‌മാങ്കർ 96,587 വോട്ടുകൾ നേടി. 2009 ൽ ബിജെപി ടിക്കറ്റിലും പിന്നീട് 2019 ൽ കോൺഗ്രസ് ടിക്കറ്റിലും നാനാ പടോല വിജയിച്ച മണ്ഡലമാണിത്. മൂന്നാമൂഴത്തിനാണ് ഇക്കുറി ഇറങ്ങിയത്. കോൺഗ്രസിലൂടെ രാഷ്‌ട്രീയത്തിലെത്തിയ നാനാ പടോലെ ഇടയ്‌ക്ക് ബിജെപിയിലെത്തിയെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിലേക്ക് തിരികെ ചേക്കേറുകയായിരുന്നു.
സ്വന്തം നാട്ടിലാണ് കോൺഗ്രസ് അദ്ധ്യക്ഷന് ഈ തിരിച്ചടി നേരിട്ടതെന്നതാണ് പാർട്ടിയെ കൂടുതൽ ഞെട്ടിക്കുന്നത്. മണ്ഡലം കുത്തകയാക്കാനുളള നാനാ പടോലെയുടെ നീക്കത്തിനെതിരായ ജനവികാരം ശക്തമായിരുന്നു. കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ 6240 വോട്ടുകൾക്ക് മാത്രമാണ് നാനാ പടോലെ വിജയിച്ചത്. സകോലിയിലെ സുക് ലി ഗ്രാമത്തിൽ നിന്നുളള കർഷക കുടുംബത്തിലെ അംഗമാണ് നാനാ പടോലെ. സകോലി ഉൾപ്പെടുന്ന ബന്ദാര – ഗോന്ദിയ ലോക്‌സഭാ സീറ്റിൽ എംപിയായും നാനാ പടോലെ വിജയിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിക്കും മഹായുതി സഖ്യത്തിനും നേരെ നാനാ പടോലെ നടത്തിയ പല പരാമർശങ്ങളും വിവാദമായിരുന്നു. ബിജെപിയെ പട്ടിയായി ഉപമിച്ചത് വലിയ ജനരോഷത്തിനും കാരണമായി. സകോലിയുടെ യഥാർത്ഥ പുത്രൻ എന്ന് അവകാശപ്പെട്ടുകൊണ്ടാണ് അവിനാശ് ബ്രഹ്‌മാങ്കർ നാനാ പടോലെയെ നേരിട്ടത്.















