ഭക്ഷണത്തിൽ പലവിധ കൂട്ടുകൾ പരീക്ഷിച്ച് രുചി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. മികച്ച രീതിയിൽ അലങ്കാരപ്പണികളൊക്കെ ചെയ്ത് വിളമ്പുന്നതിലും നാം ശ്രദ്ധ ചെലുത്താറുണ്ട്. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത് വ്യത്യസ്തമായ മറ്റൊരു ഭക്ഷണമാണ്. ‘ അയ്യേ ഇതെന്താ ഇങ്ങനെ അലങ്കരിച്ചിരിക്കുന്നേ’ എന്ന് തോന്നുമെങ്കിലും ചൈനയിൽ ഇവനാണ് താരം.
ചൈനയിലെ പിസ ഹട്ടാണ് വ്യത്യസ്തമായ പിസ ഒരുക്കിയിരിക്കുന്നത്. ഡീപ്പ് ഫ്രൈ ചെയ്ത തവളയാണ് ഈ പിസയുടെ ഹൈലൈറ്റ്. ഭക്ഷണപ്രേമികളെ ആകർഷിക്കാനായാണ് ഇത്തരത്തിൽ പിസ തയ്യാറാക്കിയിരിക്കുന്നതെന്നാണ് പിസ ഹട്ടിന്റെ വാദം. പക്ഷെ പിസയ്‌ക്ക് മുകളിൽ തവള മലർന്നുകിടക്കുന്ന ചിത്രങ്ങൾ പുറത്തെത്തിയതോടെ സംഗതി സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയായി. ചിത്രവും വൈറലായി. ചൈനയിൽ വളരെ പ്രചാരത്തിലുള്ള ഭക്ഷണമാണ് തവള ഫ്രൈ എന്നും പിസാ ഹട്ട് പറയുന്നു.
രണ്ട് ഉണ്ടക്കണ്ണുകളും ഇതിൽ വച്ചിട്ടുണ്ട്. തവളയുടെ ഉണ്ടക്കണ്ണുകൾക്കായി പുഴുങ്ങിയ മുട്ട മുറിച്ച് അതിൽ സോസ് കൊണ്ട് അലങ്കരിച്ച്, ഇതിന് മുകളിലായി കറുത്ത ഒലീവ് വട്ടത്തിൽ മുറിച്ചതാണ് വച്ചിരിക്കുന്നത്. ‘ ഗോബ്ലിൻ പിസ’ എന്നാണ് ഇതിന് പിസ ഹട്ട് നൽകിയിരിക്കുന്ന പേര്.
സംഭവം വൈറലായതോടെ നിരവധി ഭക്ഷണപ്രേമികൾ അഭിപ്രായങ്ങൾ പങ്കുവച്ച് രംഗത്തെത്തി. ഇത് വളരെയധികം വിചിത്രമായിരിക്കുന്നു, എല്ലാവർക്കും ഇത് ഇഷ്ടപ്പെടില്ല എന്ന തരത്തിലുള്ള നിരവധി കമന്റുകൾ ഗോബ്ലിൻ പിസയ്‌ക്ക് ലഭിച്ചു. അതേസമയം തവള വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരുടെ വലിയ പിന്തുണയാണ് പിസ ഹട്ടിന് ലഭിക്കുന്നത്. ചൈനയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വീ ചാറ്റിലൂടെയാണ് പിസ ഹട്ട് പുതിയ വിഭവം അനൗൺസ് ചെയ്തത്.
ചൈനയിൽ തവളയിറച്ചി കഴിക്കുന്നവർ വ്യാപകമാണെങ്കിലും ഇത് നിയമവിരുദ്ധമാണെന്ന് ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് കുറിച്ചു. തവളയുടെ ഇറച്ചി ചിക്കനും മീനു കഴിക്കുന്നതുപോലെ തന്നെയാണെന്ന അഭിപ്രായവും ചിലർ പങ്കുവെയ്‌ക്കുന്നു. ഇന്ത്യൻ രൂപ 2000 ത്തോളമാണ് ഗോബ്ലിൻ പിസയുടെ വില. അതായത് 169 യുവാൻ.















