പത്തനംതിട്ട: പ്ലസ് ടു വിദ്യർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായത്. പ്രതിക്ക് 18 വയസ് പൂർത്തിയായതിനാൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മരണത്തിൽ കുറ്റസമ്മതം നടത്തിയതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയെ നേരത്തെ പൊലീസ് ചോദ്യം ചെയ്യുകയും ഡിഎൻഎ പരിശോധനയ്‌ക്ക് സാമ്പിൾ ശേഖരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബാഗിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് പെൺകുട്ടി സ്വയം ജീവനൊടുക്കിയതെന്ന് വ്യക്തമായത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ 22-നാണ് പെൺകുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിതമായി മരുന്ന് കഴിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.















