ആലപ്പുഴയിൽ അഞ്ച് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ നടുക്കത്തിലാണ് നാട്. മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. പരിക്കേറ്റ വിദ്യാർത്ഥികളുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കുമെന്നാണ് ആരോഗ്യസർവകലാശാല അറിയിച്ചിരിക്കുന്നത്. മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.
കെഎസ്ആർടിസി ബസിൽ കാറിടിച്ചായിരുന്നു അപകടമുണ്ടായത്. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ രാത്രി സിനിമയ്‌ക്ക് പോകാൻ കാറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. 11 പേരുണ്ടായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ച് പേർ മരിച്ചു. ആറ് വിദ്യാർത്ഥികൾ ചികിത്സയിലാണ്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ശ്രീദീപ് (പാലക്കാട്) മുഹമ്മദ് ഇബ്രാഹിം, ദേവാനന്ദ് (ലക്ഷദ്വീപ്), മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്.
ആലപ്പുഴ കളർകോട് അപകടമുണ്ടായ സ്ഥലത്ത് എംവിഡി അധികൃതരെത്തി പരിശോധന നടത്തി. ഏഴ് പേർ സഞ്ചരിക്കേണ്ട കാറിൽ 11 പേരെ കുത്തിനിറച്ചത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചുവെന്നാണ് എംവിഡി പറയുന്നത്. പലരും മടിയിലിരുന്നാകാം യാത്ര ചെയ്തതെന്നാണ് സൂചന. വാഹനം ഓടിച്ചിരുന്ന വിദ്യാർത്ഥിക്ക് 18-19 വയസാണ് പ്രായം. ഡ്രൈവിംഗിൽ അനുഭവസമ്പത്ത് കുറവാണെന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടാൻ കാരണമായെന്ന് ആർടിഒ ഉദ്യോഗസ്ഥർ പറഞ്ഞു. മോശം കാലാവസ്ഥ, വണ്ടിയുടെ കാലപ്പഴക്കം എന്നിവയും അപകടത്തെ സ്വാധീനിച്ചു.
വിദഗ്ധ സംഘം രാവിലെ 11 മണിക്ക് അപകട സ്ഥലം സന്ദർശിച്ച് ശാസ്ത്രീയ വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധിക്കും. മരിച്ച വിദ്യാർത്ഥികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഉച്ചയ്‌ക്ക് വണ്ടാനം ഉച്ചയ്‌ക്ക് മെഡിക്കൽ കോളേജിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കുമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.