ന്യൂഡൽഹി: എൻഡിഎ മുന്നണിക്കെതിരെ രൂപീകരിച്ച ഇൻഡി സഖ്യത്തിനെതിരെ കടുത്ത അതൃപ്തി പ്രകടമാക്കി സിപിഐ. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ഇടതുപാർട്ടികൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് സിപിഐ ജനൽ സെക്രട്ടറി ഡി രാജയുടെ പരാതി. ദേശീയ കൗൺസിലിലെ ചർച്ചകൾ വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സീറ്റ് വിഭജന ചർച്ചകൾ വരുമ്പോൾ വലിയ പാർട്ടികൾ സ്വയം തീരുമാനങ്ങളെടുക്കുന്നു. ഹരിയാനയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പാർട്ടികളോട് കോൺഗ്രസ് പെരുമാറിയ രീതി ശരിയല്ല. ഇത് ഒഴിവാക്കേണ്ടതാണ്. സിപിഐ തങ്ങളുടെ അതൃപ്തി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാന, ജമ്മു കശ്മീർ, മഹാരാഷ്‌ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഖ്യത്തിന്റെ വീഴ്ചകൾ ഡി രാജ ചൂണ്ടിക്കാട്ടി. ഇൻഡി ബ്ലോക്കിലെ പ്രധാനകക്ഷിയായ കോൺഗ്രസിന് സുഗമമായ പ്രവർത്തനം ഉറപ്പാക്കാനായില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനഘട്ടത്തിൽ മാത്രമാണ് സീറ്റ് വിഭജന ചർച്ചകൾ നടന്നത്. ചെറിയ പാർട്ടികൾക്ക് അഭിപ്രയം പറയാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടെന്നും സിപിഐ ജനൽ സെക്രട്ടറി ആരോപിച്ചു.
“ബി.ജെ.പിയെയും ആർ.എസ്.എസിനെയും നേരിടാനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കാനുമാണ് സഖ്യം രൂപീകരിച്ചത്, എന്നാൽ വിശാലാടിസ്ഥാനത്തിലുള്ള സഖ്യം രൂപീകരിച്ചതിന് ശേഷമുള്ള നിർവ്വഹണ ഭാഗം സുഗമമായിരുന്നില്ല. പരസ്പര ബഹുമാനമില്ലായ്‌മ, പ്രത്യയശാസ്ത്രപരമായ വിയോജിപ്പ് എന്നിവ സഖ്യത്തെ ദുർബലപ്പെടുത്തി,” ഡി രാജ പറഞ്ഞു.