കുറ്റാകൂരിരുട്ടിൽ വിജനമായൊരു പ്രദേശത്തേക്ക് പോകാൻ ആരായാലും ഒന്ന് ഭയക്കും. അത്തരം പ്രദേശത്ത് നിന്നും നിലവിളി ശബ്ദം കേട്ടാലോ? പിന്നീട് അങ്ങോട്ട് തിരിഞ്ഞുപോലും നോക്കില്ല. അത്തരത്തിൽ നാട്ടുകാർ തിരിഞ്ഞുനോക്കാതെ അവശനിലയിലായ ഒരു യുവാവിന്റെ വാർത്തയാണ് ഇപ്പോൾ തായ്‌ലൻഡിൽ നിന്നും വരുന്നത്.
തായ്-മ്യാൻമർ അതിർത്തിക്കടുത്തുള്ള തക് പ്രവിശ്യലാണ് സംഭവം. വിജനമായ പ്രദേശമായതിനാൽ നാട്ടുകാർ യാത്രയ്‌ക്കായി ഈ വഴി അധികം തെരഞ്ഞെടുത്തിരുന്നില്ല. ചുരുക്കം ചിലർ മാത്രമാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്. ഇതിനിടയിലാണ് പ്രദേശത്ത് നിന്നും ഒരു നിലവിളി ഉയർന്നത്. ഉപേക്ഷിക്കപ്പെട്ട കിണറ്റിൽ നിന്നാണ് നിലവിളി കേൾക്കുന്നതെന്ന് മനസിലായതോടെ പ്രദേശം പ്രേതബാധയുള്ളതാണെന്ന കഥകളും നാട്ടിൽ പരന്നു.
മൂന്ന് ദിവത്തോളം തുടർച്ചയായി ഇത്തരത്തിൽ നിലവിളി ശബ്ദം കേട്ടതോടെ നാട്ടുകാരിൽ ചിലർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 12 മീറ്റർ താഴ്ചയുള്ള കിണറ്റിൽ വീണുപോയ യുവാവിന്റെ നിലവിളിയായിരുന്നു അതെന്ന് വ്യക്തമായത്. യുവാവിന്റെ ശരീരത്തിലുടനീളം ചതവുകളും കൈ ഒടിഞ്ഞ നിലയിലുമായിരുന്നു. ചൈനീസ് പൗരനായ ലുയു ചുവാനി എന്ന 22 കാരനാണ് അപകടത്തിൽപ്പെട്ടത്.
മൂന്ന് ദിവസം ഭക്ഷണമോ വെള്ളമോ ലഭിക്കാത്തതിനാൽ അവശനിലയിലായിരുന്ന യുവാവിനെ പൊലീസുകാർ ആശുപത്രിയിലേക്ക് മാറ്റി. വനത്തിൽ വഴി തെറ്റിയതോടെ പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ കാൽ തെന്നി കിണറ്റിൽ വീണതാണെന്ന് ലിയു പറഞ്ഞു. ലിയു അപകടനില തരണം ചെയ്തതായും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കിണർ മൂടാനുള്ള നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.