പുത്തൻ നാഴികക്കല്ല് പിന്നിട്ട് സൈബർ ലോകത്തെ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിൻ. ബിറ്റ്‌കോയിന്റെ മൂല്യം ഒരു ലക്ഷം ഡോളറിലെത്തി. അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലേറുമ്പോൾ കാര്യമായ പരിണാമങ്ങൾക്ക് വിധേയമാകുമെന്ന വിലയിരുത്തലിലാണ് ബിറ്റ്‌കോയിന്റെ മൂല്യം കുതിക്കുന്നത്.
ട്രംപ് വരുന്നതോടെ ക്രിപ്‌റ്റോകറൻസികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിനും വിപണി സ്വാതന്ത്ര്യത്തിനുമുള്ള കൂടുതൽ അനുകൂലമായ തീരുമാനങ്ങളും നിക്ഷേപകർ പ്രതീക്ഷിക്കുന്നുണ്ട്. അമേരിക്കയിൽ ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിക്കുന്ന ആളുകളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 16 ശതമാനമാണ്.
ഈ വർഷം ഇതുവരെ ബിറ്റ്‌കോയിന്റെ മൂല്യം ഇരട്ടിയിലധികമാണ് വർദ്ധിച്ചത്. കഴിഞ്ഞ നാലാഴ്ചയ്‌ക്കിടയിൽ ഇത് 45 ശതമാനത്തോളം വർദ്ധിച്ചു. നിലവിൽ 1,03,085 ആണ് ഒരു ബിറ്റ്‌കോയിന്റെ വില. ഏകദേശം 87 ലക്ഷം ഇന്ത്യൻ രൂപ വരുമിത്. അമേരിക്കയെ ക്രിപ്‌റ്റോകറൻസികളുടെയും ബിറ്റ്‌കോയിന്റെയും കേന്ദ്രമാക്കുമെന്ന് ഡ്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ബിറ്റ്‌കോയിന്റെ മൂല്യം കുതിക്കുന്നത്.
ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ കറൻസിയാണ് ബിറ്റ്‌കോയിൻ. ഒരു ബാങ്കിന്റെയും കീഴിലല്ല ബിറ്റ്‌കോയിൻ കറൻസി പ്രവർത്തിക്കുന്നത്. അമേരിക്കൻ സർക്കാരിന്റെ കരുതൽ ശേഖരത്തിൽ ബിറ്റ്‌കോയിൻ ഉൾപ്പെടുത്തുമെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. 2021 നവംബറിൽ 69,000 ഡോളറിലെത്തി അതുവരെയുള്ള റെക്കോർഡ് കുറിച്ചശേഷം കൂപ്പുകുത്തിയ ബിറ്റ്‌കോയിൻ വില 2023 ജനവുരിയിലാണ് ഉയർന്നത്. 16 വർഷം മുൻപ് ആദ്യ ക്രിപ്‌റ്റോകറൻസിയായി അവതരിപ്പിച്ചപ്പോൾ ഒരു ഡോളർ കൊണ്ട് 13,000 ബിറ്റ്‌കോയിൻ സ്വന്തമാക്കാൻ സാധിച്ചിരുന്ന സ്ഥാനത്താണ് ഈ കുതിപ്പ്.