ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ സി. രോഗപ്രതിരോധത്തിനും ചർമാരോഗ്യത്തിനും വിറ്റാമിൻ സി പരമപ്രധാനമാണ്. ഇരുമ്പ് ആഗിരണം ചെയ്യുന്നതിനും കണ്ണുകളുടെ ആരോഗ്യത്തിനും തലമുടിക്കും ആവശ്യമാണിത്. പലഭക്ഷണങ്ങളും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ നിന്നും വേണ്ടത്ര വിറ്റാമിൻ സി ലഭിച്ചില്ലെങ്കിൽ സപ്ലിമെൻ്റുകളും എടുക്കാറുണ്ട്. എന്നാൽ പലരും രോഗപ്രതിരോധത്തിനായി മാത്രം വിറ്റാമിൻ സി അഥവാ അസ്‌കോർബിക് ആസിഡ് ഉപയോഗിക്കുന്നവരുമുണ്ട്, പ്രത്യേകിച്ചും സീസണലായി വരുന്ന ജലദോഷത്തെ ചെറുക്കാൻ. എന്നാൽ ഇതിൽ എത്രത്തോളം വാസ്തമുണ്ടെന്ന് ആലോചിച്ചിട്ടുണ്ടോ?
വിട്ടുമാറാത്ത രോഗസാധ്യത കുറയ്‌ക്കാൻ വിറ്റാമിൻ സി സഹായിക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വീക്കം കുറയ്‌ക്കാനും സഹായിക്കും. ജലദോഷമുള്ളവരും അല്ലെങ്കിൽ ജലദോഷം വരാതിരിക്കാനുള്ള മുൻകരുതലായുമാണ് വിറ്റാമിൻ സി സപ്ലിമെൻ്റ് പലരും കഴിക്കുന്നത്. എന്നാൽ ഒരു സപ്ലിമെൻ്റും ഏതെങ്കിലും രോഗത്തെ ചികിത്സിക്കുന്നതിനോ രോഗത്തെ തടയുന്നതിനോ ഉദ്ദേശിച്ചുള്ളതല്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ജലദോഷം വരാതിരിക്കാനോ പ്രതിരോധിക്കാനോ സപ്ലിമെൻ്റിന് സാധിക്കില്ല. മറിച്ച് ഇതിന്റെ തീവ്രത കുറയ്‌ക്കാൻ സാധിച്ചെന്ന് വരാം. എന്നാൽ ഇത് സംബന്ധിച്ച് തെളിവുകളൊന്നുമില്ല. പബ്മെഡ് സെൻട്രൽ അടുത്തിടെ നടത്തിയ പഠനത്തിലാണ് വിറ്റാമിൻ സി സപ്ലിമെൻ്റുകൾ ജലദോഷത്തെ പ്രതിരോധിക്കുന്നില്ലെന്ന കണ്ടെത്തലിലെത്തിയത്. 200 മില്ലിഗ്രാമോ അതിൽ കൂടുതലോ വിറ്റാമിൻ സി സപ്ലിമെൻ്റ് കഴിക്കുന്ന 11,306 പേരിലാണ് പഠനം നടത്തിയത്.
ശരീരത്തിനാവശ്യമായ വിറ്റാമിൻ സി പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും ലഭിക്കും. ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളിലും പേരയ്‌ക്ക, കിവി, പപ്പായ, പൈനാപ്പിൾ, സ്ട്രോബറി എന്നിവയിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. തക്കാളി, പച്ച കുരുമുളക്, ബ്രോക്കോളി, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളിലും ഇതടങ്ങിയിട്ടുണ്ട്.