പച്ചക്കറികളിൽ പലതും സാലഡ് രൂപത്തിലോ അല്ലാതെയോ വേവിക്കാതെ കഴിക്കുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. കാരറ്റ്, കാബേജ്, വെള്ളരി തുടങ്ങി ഒട്ടനവധി പച്ചക്കറികൾ ഇതിൽ ഉൾപ്പെടുന്നു. പച്ചകറികൾക്ക് പുറമെ മാംസാഹാരങ്ങളും വേവിക്കാതെ കഴിക്കുന്ന പ്രവണത ഇപ്പോൾ വർദ്ധിച്ച് വരികയാണ്. എന്നാൽ എല്ലാ ഭക്ഷ്യവസ്തുക്കളും ഇത്തരത്തിൽ വേവിക്കാതെ കഴിച്ചാൽ പണി കിട്ടുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
മുട്ട
പച്ചയ്‌ക്ക് മുട്ട കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാൽ ഇങ്ങനെ ചെയ്യരുതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. മുട്ടയിൽ സാൽമൊണല്ല എന്ന ബാക്ടീരിയ കാണപ്പെടുന്നു. വേവിക്കാതെ മുട്ട കഴിച്ചാൽ ഇത് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകും. പനി, വയറിളക്കം, വയറുവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളിലേക്കും ഇത് വഴിവയ്‌ക്കും.
കൂൺ
എല്ലാതരം കൂണുകളും വേവിക്കാതെ കഴിക്കാൻ പാടില്ല. കൂണുകളിൽ ചിലത് വേവിക്കാതെ കഴിച്ചാൽ മരണത്തിന് വരെ കാരണമായേക്കും. കൂണുകളിലടങ്ങിയിരിക്കുന്ന ടോക്‌സിൻ എന്ന പദാർത്ഥം അവയവ തകരാറിലേക്ക് നയിച്ചേക്കാം.
കശുവണ്ടി
വെറുതെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷ്യവസ്തുക്കളിലൊന്നാണ് കശുവണ്ടി. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന ചില പദാർത്ഥങ്ങൾ ചിലരിൽ ത്വക്ക് രോഗങ്ങൾക്കും, അലർജി പോലുള്ള അവസ്ഥകൾക്കും വഴിവയ്‌ക്കുന്നു.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് വേവിക്കാതെ കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സൊലാനിൻ എന്ന പദാർത്ഥം ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. ഇത് വേവിക്കാതെ കഴിച്ചാൽ ഛർദ്ദി, വയറുവേദന തുടങ്ങിയവയ്‌ക്ക് കാരണമായേക്കാം. മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
കാബേജ്
സാലഡുകളിൽ പൊതുവെ എല്ലാവരും ഉപയോഗിക്കുന്ന പച്ചക്കറികളിലൊന്നാണ് കാബേജ്. എന്നാൽ കാബേജുകളിൽ ശരീരത്തിന് ദോഷം ചെയ്യുന്ന ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ചെറു ചൂടുവെള്ളത്തിൽ ഉപ്പ് ഉപയോഗിച്ച് കാബേജ് കഴുകിയെടുക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.