എറണാകുളം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികളെ പുറത്താക്കിയ സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. കേസ് പരിശോധിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് സർവകലാശാലയുടെ നടപടി റദ്ദാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ഏർപ്പെടുത്തിയ മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും റദ്ദാക്കിയിട്ടുണ്ട്.
പുതിയ അന്വേഷണം നടത്തണമെന്ന് സര്‍വകലാശാല ആന്റി റാഗിംഗ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നൽകി. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പഠനം തുടരാന്‍ പ്രതികള്‍ക്ക് അവസരം നല്‍കണമെന്നും നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സിദ്ധാർത്ഥിനെ ആൾക്കുട്ട വിചാരണയ്‌ക്കും ക്രൂര മർദ്ദനത്തിനും ഇരയാക്കിയെന്ന കണ്ടെത്തലിനെ തുടർന്നാണ് സർവകലാശാല പ്രതികളെ പുറത്താക്കിയത്. മൂന്ന് വർഷത്തേക്ക് അഡ്മിഷൻ വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഹർജിയുമായി വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എസ്എഫ്‌ഐ പ്രവർത്തകരായിരുന്നു പ്രതികളായ വിദ്യാർത്ഥികൾ.