ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ പ്രസംഗങ്ങൾ മാദ്ധ്യമങ്ങളിൽ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച് ബംഗ്ലാദേശ് കോടതി. മുഹമ്മദ് യൂനുസിനെതിരെയും ഇടക്കാല സർക്കാരിനെതിരെയും വലിയ രീതിയിൽ വിമർശനം ഉന്നയിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം തന്റെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തത്. ഇതിന് പിന്നാലെയാണ് കോടതി ഉത്തരവ്. ഷെയ്ഖ് ഹസീന നടത്തിയത് വിദ്വേഷ പ്രസംഗമാണെന്ന് കോടതി പറയുന്നു. ഓഗസ്റ്റിൽ അധികാരം വിട്ടതിന് ശേഷം ആദ്യമായി ഷെയ്ഖ് ഹസീന നടത്തുന്ന പൊതുപ്രസംഗം കൂടിയായിരുന്നു ഇത്.
മുഹമ്മദ് യൂനുസിനേയും ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികളേയും വിമർശിച്ചു കൊണ്ടുള്ള പ്രസംഗം ഇപ്പോൾ ഷെയ്ഖ് ഹസീനയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ സ്വാധീനിക്കുമെന്നാണ് സർക്കാർ അഭിഭാഷകനായ ഗോലം മുനവർ ഹുസൈൻ തമീമിന്റെ വാദം. പ്രസംഗത്തിന് നിയമനടപടികളെ സ്വാധീനിക്കാൻ കഴിയുമെന്നും ഗോലം മുനവർ പറയുന്നു. പ്രസംഗം സംപ്രേഷണം ചെയ്യുന്നത് സാക്ഷികളെ ഭീഷണിപ്പെടുന്നതിന് തുല്യമാണെന്നും, അവരെ ട്രൈബ്യൂണലിലെത്തിച്ച് വിചാരണ നടത്തുന്നതിന് തടസ്സമാകുമെന്നും ഇവർ അവകാശപ്പെടുന്നു.
ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഷെയ്ഖ് ഹസീന അടുത്തിടെ നടത്തിയതും, മുൻപ് നടത്തിയതുമായ എല്ലാ പ്രസംഗങ്ങളും നിരോധിച്ച് ബംഗ്ലാദേശ് കോടതി ഉത്തരവിറക്കിയത്. മുഹമ്മദ് യൂനുസ് വംശഹത്യ നടത്തിയെന്നും ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നുമാണ് ഷെയ്ഖ് ഹസീന കഴിഞ്ഞ ദിവസം നടത്തിയ പൊതുപ്രസംഗത്തിൽ ആരോപിച്ചത്. തന്റെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്‌മാനെപ്പോലെ തന്നെയും സഹോദരി ഷെയ്ഖ് രഹനയേയും വധിക്കാൻ പദ്ധതി ഇട്ടിരുന്നതായും മുഹമ്മദ് യൂനുസ് അധികാര മോഹിയാണെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു. ഓഗസ്റ്റ് അഞ്ചിന് ഔദ്യോഗിക വസതി വിടാനിടയായ സാഹചര്യത്തെക്കുറിച്ചും അവർ തുറന്ന് പറഞ്ഞിരുന്നു.