കോട്ടയം; ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച സിപിഎം പ്രവർത്തകർക്ക് 7 വർഷം തടവും 75000 രൂപ പിഴയും ശിക്ഷ. ആർഎസ്എസ് പൊൻകുന്നം മുൻ താലൂക്ക് ശാരീരിക് ശിക്ഷൺ പ്രമുഖ് കെ.ജെ രമേശിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോട്ടയം അഡീ. സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പ്രതികൾ കുറ്റക്കാർ എന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തുടർന്ന് വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
തെക്കേത്തുകവല കുന്നത്ത് വീട്ടിൽ കെ.ജെ രമേശിനെയാണ് സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊലപാതക ശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ നേരത്തെയും പ്രതികളായ കുറുക്കൻ കണ്ണൻ എന്നു വിളിക്കുന്ന മുകേഷ് മുരളി, കാർത്തിക്, റിയാസ് ഖാൻ എന്നിവരായിരുന്നു പ്രതികൾ.
മാരകമായ മുറിവേറ്റ രമേശ് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാകുകയും നിലവിൽ ശാരിരിക അവശതകൾ നേരിടുകയുമാണ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സജി എസ് നായർ ഹാജരായി.
പ്രതിയായ മുകേഷ് മുരളിയെ കാപ്പ നിയപ്രകാരം തടവിലാക്കാൻ ജില്ലാ മുൻ പോലീസ് മേധാവി ശുപാർശ നല്കിയിരുന്നെങ്കിലും രാഷ്‌ട്രീയ സമ്മർദ്ദം മൂലം ഇത് നടപ്പിലായിരുന്നില്ല. വധശ്രമമുൾപ്പെടെ മുൻ ഐപിസി 307, 326, 324, 34 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.















