തിരുവനന്തപുരം: നവവധുവിനെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അഭിജിത്തിന്റെയും സുഹൃത്ത് അജാസിന്റെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇന്ദുജയുടെ ഫോണിൽ അവസാനമായി വിളിച്ചത് അജാസാണെന്നും കോൾ കട്ടാക്കിയ ഉടൻ യുവതി ജീവനൊടുക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. അഭിജിത്തിന്റെയും അജാസിന്റെയും മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.
അഭിജിത്തിനെതിരെ ഭർതൃപീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അജാസ് ഇന്ദുജയെ മർദ്ദിച്ചതായി അഭിജിത്ത് അന്വേഷണ സംഘത്തോട് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അജാസിനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദ്ദനത്തിന്‍റെ പാടുകൾ കണ്ടെത്തിയതാണ് സംശയത്തിന് വഴിവച്ചത്. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് അച്ഛന്‍ ശശിധരൻ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൂന്ന് മാസം മുമ്പാണ് ഇന്ദുജയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി അഭിജിത്ത് വിവാഹം കഴിച്ചത്.















