കാണാൻ തന്നെയൊരു അഴകും പൂർണതയുമാണ് പിച്ചള അഥവാ ഓട്ടുപാത്രങ്ങൾക്ക്. ഉരുളിയും നിലവിളക്കുമൊക്കെ എല്ലാ വീട്ടിലും ഉണ്ടാകും. എന്നാൽ അലുമിനിയം, സ്റ്റീൽ തുടങ്ങിയവയുടെ വരവോടെ ഇവയുടെ സ്ഥാനം വീടിന്റെ കോണിലേക്ക് മാറി. നിറം മങ്ങിയതാകും പലരും ഈ പാത്രങ്ങൾ പുറത്തെടുക്കാൻ മടിക്കുന്നത്. സിങ്ക്, ചെമ്പ് എന്നിവയുടെ സംയുക്തത്തിൽ നിർമിച്ച ലോഹമാണ് പിച്ചള. എളുപ്പത്തിൽ ക്ലാവ് പിടിക്കുമെന്നതാണ് പിച്ചളയുടെ പ്രശ്നം. എന്നാൽ ഇനി ആ മടി വേണ്ട.. ഈ ടിപ്സ് പരീക്ഷിച്ചോളൂ, കറയൊക്കെ പമ്പ കടക്കും.
- പിച്ചള പാത്രങ്ങളിലെ അഴുക്ക് കളയാൻ ചൂടുവെള്ളത്തിൽ സോപ്പുപ്പൊടി ഇട്ടശേഷം അതിൽ മുക്ക് വയ്‌ക്കാം. മൃദുലമായ തുണി ഉപയോഗിച്ച് തുടച്ചെടുക്കാം.
- ഒരു പിടി പുളി, മൂന്നാ-നാല് സ്പൂൺ ബേക്കിംഗ് സോഡ എന്നിവ ചൂടുവെള്ളത്തിൽ കലർത്തുക. ഇതിലേക്ക് ഓട്ടു പാത്രങ്ങൾ കുതിർത്ത് വയ്‌ക്കുക. പത്ത് മിനിറ്റിന് ശേഷം ഉരച്ച് കഴുകുക.
- നാരങ്ങാ നീരും ബേക്കിംഗ് സോഡയും കലർത്തി പാത്രത്തിന്റെ മങ്ങിയ ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം മൃദുവായ തുണിയോ സ്പോഞ്ചോ ഉപയോഗിച്ച് തുടയ്‌ക്കുക. ഈ പാത്രങ്ങൾ വെള്ളത്തിൽ കഴുകി തുടച്ചെടുക്കുക.
- ഒരു ഗ്ലാസ്സിൽ പകുതി വിനാഗിരി എടുത്ത്, ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത്, അതിൽ മാവുചേർത്ത് കുഴമ്പ് രൂപത്തിൽ ആകുന്നതുവരെ ഇളക്കുക. അതുകൊണ്ട് ഓട്ടുപാത്രങ്ങൾ തുടച്ച് പത്ത് മിനിറ്റ് വയ്‌ക്കുക. ചൂടുവെള്ളം കൊണ്ട് കഴുകി ഉണങ്ങിയ തുണി കൊണ്ട് തുടച്ചെടുക്കുക.
- വിനാഗിരിയും ഉപ്പും മാത്രം ഉപയോഗിച്ചും പിച്ചള പാത്രങ്ങളിലെ കറ കളയാം. വിനാഗിരിയും ഉപ്പും തുല്യ അളവിൽ കലർത്തുക. തുണിയോ സ്പോഞ്ചോ മുക്കി പാത്രങ്ങളില് തേച്ച് പിടിപ്പിക്കുക. തുടർന്ന് കഴുകിയെടുക്കാം.
- നാരങ്ങ നീര് മാത്രം ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കി പിച്ചളയുടെ തിളക്കം വീണ്ടെടുക്കാം. നാരങ്ങ നീര് കൊണ്ട് വൃത്തിയാക്കിയ ശേഷം നനഞ്ഞ തുണി കൊണ്ട് തുടച്ചു ഉണക്കുക.
- ടൊമാറ്റോ കെച്ചപ്പ് ഉപയോഗിച്ചും കറ നീക്കം ചെയ്യാം. ചെറിയ അളവിൽ കെച്ചപ്പ് തേച്ച് പിടിപ്പിച്ച് 15 മിനിറ്റോളം വയ്‌ക്കുക. തുടർന്ന് നനഞ്ഞ തുണി കൊണ്ട് തുടച്ചെടുക്കാം.
- ടൂത്ത് പേസ്റ്റും സഹായിക്കും. മങ്ങിയ ഭാഗങ്ങളിൽ പേസ്റ്റ് തേച്ച് സ്പോഞ്ച് വച്ച് തുടയ്‌ക്കുക. തുടർന്ന് വെള്ളമൊഴിച്ച് കഴുകി ഉണക്കിയെടുക്കാം.















