നവംബർ 14-നാണ് ഡൽഹി സ്വദേശിനിയായ ഹർഷിത ബ്രെല്ലയെ യുകെയിലെ ലണ്ടനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് പങ്കജ് ലംബ 24-കാരിയെ കൊലപ്പെടുത്തി അയാളുടെ കാറിന്റെ ഡിക്കിയിലാണ് മൃതദേഹം ഉപേക്ഷിച്ചത്. സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുകയാണ് യുവതിയുടെ കുടുംബം.
ഭർത്താവ് തന്നെ കൊലപ്പെടുത്തുമെന്ന് നിരന്തരം പറയുമായിരുന്നെന്ന് ഹർഷിതയുടെ അമ്മ പറഞ്ഞു. സ്വന്തമായി മിഠായി വാങ്ങാൻ പോലും അനുവദിച്ചിരുന്നില്ലെന്നും ഹർഷിത കടുത്ത മാനസിക സമ്മർദ്ദവും പീഡനവും അനുഭവിച്ചിരുന്നതായി സഹോദരിയും ആരോപിച്ചു. ഭർത്താവും ഭർതൃമാതാവ് സുദേശ് കുമാരിയും ചേർന്ന് ഉപദ്രവിച്ചിരുന്നതായും മാതാവ് ആരോപിക്കുന്നു.
പങ്കജ് തന്നെ കൊല്ലുമെനന് ഹർഷിത ഭയപ്പെട്ടിരുന്നു, ഇനി ഒരിക്കലും ഭർത്താവിന് അടുത്തേക്ക് പോകുന്നില്ലെന്നും ഹർഷിത പറഞ്ഞിരുന്നു. സംഭവത്തിന് ശേഷം പങ്കജ് ഇന്ത്യയിലേക്ക് കടന്നുകളഞ്ഞെന്നും ആവശ്യമായ നടപടികൾ ഇയാൾക്കെതിരെ സ്വീകരിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.കൊലപാതകം നടന്നത് യുകെയിലാണെന്നും അതിനാൽ തന്നെ സ്വന്തം നിലയ്‌ക്ക് അന്വേഷിക്കാൻ കഴിയില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് ഹർഷിതയുടെ ഗർഭം അലസിയിരുന്നു. നടുറോഡിൽ വച്ച് പോലും മർദ്ദിക്കുമായിരുന്നു. കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഗർഭം അലസിയത്. വീട്ടിലേക്ക് വിളിക്കുന്നതിന് പോലും വിലക്കുണ്ടായിരുന്നെന്നും പങ്കജ് അടുത്തിലാത്ത സമയത്താണ് തങ്ങളെ വിളിച്ചിരുന്നതെന്നും ഹർഷിതയുടെ വീട്ടുകാർ ആരോപിക്കുന്നു.