ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈന സന്ദർശിക്കുമെന്ന് റിപ്പോർട്ട്. പ്രത്യേക പ്രതിനിധി ചർച്ചകൾക്കായാണ് അദ്ദേഹം പോകുന്നത്. ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രാജ്യസഭയിലും ലോക്സഭയിലും വിശദമായ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം.
നാല് വർഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വന്ന പുരോഗതികൾ ഉയർത്തിക്കാട്ടി വിദേശകാര്യ മന്ത്രി ഇരുസഭകളെയും അഭിസംബോധന ചെയ്തിരുന്നു. കിഴക്കൻ ലഡാക്കിൽ നിന്ന് സൈനിക പിന്മാറ്റം പൂർണമായെന്നും ഇന്ത്യ-ചൈന ബന്ധത്തിൽ മെച്ചപ്പെട്ട പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക പിന്മാറ്റം തുടർന്നുകൊണ്ടുപോകാൻ സാധ്യമായതെല്ലാം ചെയ്യുക എന്നുള്ളതിനാണ് ഇന്ത്യ ഇനി മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗൽവാൻ സംഘർഷത്തെ തുടർന്ന് ഇന്ത്യ-ചൈന ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നു. 2020 മെയ് മുതൽ ഇരുരാജ്യങ്ങളും അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ചു. നാല് വർഷം ഇതേരീതിയിൽ തുടർന്നു. ഒടുവിൽ കേന്ദ്രസർക്കാർ മുൻകൈയെടുത്ത് നടത്തിയ നയതന്ത്ര ചർച്ചകൾ ഫലം കണ്ടതോടെ സൈനിക പിന്മാറ്റത്തിലെത്താൻ ഇരുരാജ്യങ്ങളും ധാരണയാവുകയായിരുന്നു.