ഡമാസ്‌കസ്: സിറിയയിലെ വിമത അട്ടിമറിക്ക് ശേഷം ആദ്യ പ്രതികരണവുമായി ബഷാർ അൽ അസദ്. ഡമാസ്‌കസിൽ വിമത മുന്നേറ്റം ഉണ്ടായതിന് ശേഷവും തനിക്ക് രാജ്യം വിടാൻ പദ്ധതിയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അസദ് അവകാശപ്പെടുന്നത്. പടിഞ്ഞാറൻ സിറിയയിലെ താവളത്തിന് നേരെ ആക്രമണമുണ്ടായപ്പോൾ റഷ്യൻ സൈന്യം തന്നെ അവിടെ നിന്നും മാറ്റുകയായിരുന്നുവെന്നും അസദ് പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അസദ് തന്റെ അഭിപ്രായം പങ്കുവച്ചത്. ഡിസംബർ എട്ടിന് രാവിലെയാണ് ഡമാസ്‌കസിൽ നിന്നും പുറപ്പെട്ടതെന്നും അസദ് പറയുന്നു. ” റഷ്യയുടെ ആളുകളുടെ സഹായത്തോടെയാണ് ലതാകിയയിലെ റഷ്യൻ താവളത്തിലേക്ക് മാറിയത്. ഇവിടെ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്നാണ് അന്ന് രാത്രി തന്നെ റഷ്യയിലേക്ക് തന്നെ മാറ്റാൻ അവിടെയുള്ളവർ തീരുമാനിക്കുന്നത്. അല്ലാതെ പുറത്തുവരുന്ന റിപ്പോർട്ടുകൾ പോലെ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിട്ടല്ല രാജ്യം വിട്ടതെന്നും” അസദ് പറയുന്നു.
” സിറിയയിൽ നടന്നത് തീവ്രവാദ ആക്രമണമാണ്. വിമത ആക്രമണം ഉണ്ടായ ശേഷവും ഒരു ഘട്ടത്തിലും സ്ഥാനമൊഴിയുന്നതിനെ കുറിച്ചോ മറ്റ് എവിടെ എങ്കിലും അഭയം നേടുന്നതിനെ കുറിച്ചോ ചിന്തിച്ചിട്ടില്ല. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടിയല്ല ഇതുവരെ പ്രവർത്തിച്ചിട്ടുള്ളത്. സിറിയയോടും അവിടുത്തെ ജനങ്ങളോടും ഇപ്പോഴും ഉറച്ച പ്രതിബദ്ധതയാണുള്ളത്. സ്ഥാനമാനങ്ങൾക്കോ മറ്റ് സാഹചര്യങ്ങൾക്കോ അതിൽ കോട്ടം വരുത്താനാകില്ല. സിറിയ വീണ്ടും സ്വതന്ത്രമാകുമെന്ന ഉറപ്പുണ്ട്. ഭീകരാക്രമണങ്ങൾക്കെതിരായ പോരാട്ടം സിറിയയിലെ ജനത തുടരുമെന്നും” അസദ് പറയുന്നു.