കാസർകോട്: ഭീകരവാദ കേസിലെ പ്രതി കാഞ്ഞങ്ങാട് പിടിയിൽ. ബംഗ്ലാദേശി പൗരനായ ഷാബ് ഷെയ്‌ക്ക് (32) ആണ് പടന്നക്കാട് നിന്നും അറസ്റ്റിലായത്. അസം പൊലീസ് കാഞ്ഞങ്ങാട് എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്.
വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാക്കിയ കേസിലാണ് ഷാബ് ഷെയ്‌ക്കിനെ അറസ്റ്റ് ചെയ്തത്. ഈ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാൾ ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കടന്നത്. അസാമിലെ മേൽവിലാസമാണ് ഇയാൾ ഇതിനായി ഉപയോഗിച്ചത്. അസം പൊലീസ് പ്രതിക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസും നിലവിലുണ്ട്.
പടന്നക്കാട്ടെ ക്വട്ടേഴ്സിൽ കുറച്ച് കാലമായി ഇയാൾ താമസിക്കുന്നുണ്ട്. കെട്ടിട നിർമ്മാണ ജോലിയാണ് ഇയാൾ ചെയ്തിരുന്നത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ താമസിച്ച ശേഷമാണ് ഇയാൾ കാഞ്ഞങ്ങാട് എത്തിയതെന്ന് അസം പൊലീസ് പറഞ്ഞു. പ്രതിയെ കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കി. നടപടികൾ പൂർത്തികരിച്ച ശേഷം ഇന്ന് വൈകുന്നേരത്തൊടെ അസാമിലേക്ക് കൊണ്ടുപോകും.