ഞൊടിയിടയിൽ നിർമിക്കാൻ കഴിയുന്ന ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് സൈനിക ബങ്കറെന്ന ആശയം പങ്കിട്ട് മലയാളി സൈനികൻ. കോഴിക്കോട് നന്മണ്ട സ്വദേശി മേജർ സുധീഷാണ് കരസേനയ്‌ക്ക് മുതൽക്കൂട്ടാകുന്ന ആശയം പങ്കുവച്ചിരിക്കുന്നത്.
കരസേന രാജ്യാന്തരതലത്തിൽ നടത്തുന്ന ‘ഇന്നോ യോദ്ധ’യുടെ പ്രദർശനത്തിലാണ് ആശയം പങ്കിട്ടത്. പുതിയ ബുള്ളറ്റ് ഇന്റർ ലോക്കിംഗ് റുബിക് ബോക്സ് ഉപയോഗിച്ചാണ് ബങ്കറിന്റെ നിർമാണം. 17 കിലോ മാത്രമാണ് ഭാരം. പോളിമർ കോൺക്രീറ്റ്, മെറ്റൽ ഫൈബർ, ഗ്‌ളാസ് ഫൈബർ, കാർബൺ ഫൈബർ എന്നിവയാണ് പ്രധാനഘടകങ്ങൾ. മൂന്ന് ദിവസം കൊണ്ട് ഇത് പൂർണമായി നിർമിച്ചെടുക്കാൻ സാധിക്കും.
ഭാരം കുറഞ്ഞതായതിനാൽ തന്നെ പ്രതികൂല മേഖലകളിലും ഉപയോഗിക്കാൻ സാധിക്കും. വളരെ പെട്ടെന്ന് നിർമിക്കാൻ കഴിയുന്നത് കൊണ്ട് മനുഷ്യാദ്ധ്വനം വളരെ കുറച്ച് മാത്രം മതി. രണ്ട് പതിറ്റാണ്ടായി കരസേനയിൽ സേവനമനുഷ്ഠിക്കുകയാണ് മേജർ സുധീഷ്. ദൃശ്യയാണ് ഭാര്യ. യദുകൃഷ്ണ, തീർത്ഥ എന്നിവരാണ് മക്കൾ.