ഹൃദ്‌രോഗവുമായി ബന്ധപ്പെട്ട മരണങ്ങളിൽ അഞ്ചിൽ നാലും ഹൃദയാഘാതം മൂലമാണെന്നാണ് ലോകാരോഗ്യ സംഘടന(WHO)യുടെ കണക്ക്. WHO അടുത്തിടെ പുറത്തുവിട്ട പഠനമനുസരിച്ച് അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം എന്നിവയെല്ലാം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള പ്രധാന കാരണങ്ങളാണ്. എന്നാൽ ഈ ദുശ്ശീലങ്ങളും മറ്റ് ആരോഗ്യ പ്രശ്‍നങ്ങളും ഇല്ലാത്തവർക്കും ഹൃദയാഘാതം സംഭവിക്കുന്നുണ്ട്.
പരിസ്ഥിതി മലിനീകരണം പോലുള്ള ഘടകങ്ങളും ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ പതിയിരിക്കുന്ന അപകടം കണ്ണുകളിൽ നോക്കി തിരിച്ചറിയാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഹൃദയാഘാതം വരാൻ സാധ്യതയുള്ളവരുടെ കണ്ണിൽ കണ്ടെത്താനാകുന്ന അഞ്ച് സൂചനകളുണ്ട്.
- കണ്ണിലെ റെറ്റിനയ്‌ക്ക് കീഴിൽ മഞ്ഞനിറം കണ്ടേക്കാം. ഹൃദയാഘാതം വരാൻ സാദ്ധ്യത്തുള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത്. ഈ മഞ്ഞനിറത്തെ ഡ്രൂസെൻ എന്നാണ് അറിയപ്പെടുന്നത്.
- നിങ്ങളുടെ കണ്ണിന്റെ കോർണിയക്ക് ചുറ്റും വളയങ്ങൾ ഉണ്ടെങ്കിൽ ഇത് ഉയർന്ന കൊളസ്‌ട്രോളിന്റെ അളവിനെ സൂചിപ്പിക്കുന്നു. ആർക്കസ് സെനിലിസ് എന്നാണ് ഈ അവസ്ഥയെ ഡോക്ടർമാർ പറയുന്നത്.
- കണ്ണുകളിലെ ഇരുണ്ട പാടുകൾ. കണ്ണുകളിലേക്ക് രക്തം വഹിക്കുന്ന ധമനികളിലുണ്ടാകുന്ന ബ്ലോക്കാണ് ഇതിനുകാരണം.
- കൺപോളകളിലെ മഞ്ഞ നിറം. ഇത് നിങ്ങളുടെ ചീത്ത കൊളെസ്ട്രോൾ നില വളരെ കൂടുതലാണെന്നാണ് സൂചിപ്പിക്കുന്നത്. ഈ അവസ്ഥയെ സാന്തെലാസ്മ എന്നാണ് പറയുന്നത്.
- കണ്ണിന്റെ റെറ്റിനയിൽ ചുവപ്പോ വെള്ളയോ കാണുകയാണെങ്കിൽ നിങ്ങളുടെ റെറ്റിനയിലേക്കുള്ള ധമനിയിൽ ബ്ലോക്ക് സംഭവിച്ചുവെന്നാണ് ഇതിനർത്ഥം.