തണുപ്പുകാലത്ത് ഒരു കപ്പ് ചായയിൽ പ്രഭാതം തുടങ്ങുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. തണുപ്പുകാലത്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സാധാരണ ചായ ഉണ്ടാക്കുന്നതിൽ നിന്നും അൽപം വ്യത്യസ്തമായി ചായ ഉണ്ടാക്കാൻ താത്പര്യപ്പെടുന്നവരാണെങ്കിൽ ഹെർബൽ ചായ പരീക്ഷിക്കാം. ഇത്തരം ചായയിൽ മുൻനിരയിലാണ് ജാതിക്കാ ചായയുടെ സ്ഥാനം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മികച്ച ചായകളിലൊന്നാണിത്.
ജാതിക്കാ ചായ എങ്ങനെ ഉണ്ടാക്കാം..
വെള്ളം തിളപ്പിച്ച ശേഷം ആവശ്യത്തിന് തേയില ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ജാതിക്കാ പൊടി ചേർത്ത് കൊടുക്കുക. അൽപം ചൂടാറാൻ വച്ച ശേഷം മധുരം ഇഷ്ടമുള്ളവർക്ക് രണ്ടോ മൂന്നോ ടീ സ്പൂൺ തേൻ ചേർത്ത് നൽകാം.
ഗുണങ്ങൾ
ഫൈബർ, മാംഗനീസ്, മഗ്നീഷ്യം, കോപ്പർ, കാത്സ്യം, അയൺ തുടങ്ങി നിരവധി പോഷകഘടകങ്ങളാണ് ജാതിക്കയിൽ അടങ്ങിയിരിക്കുന്നത്. ധാരാളം ആന്റി ഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിനാവശ്യമായ പോഷകഘടങ്ങൾ നൽകാൻ ഇത് സഹായിക്കുന്നു.
ശരീരത്തിന് ചൂട് പകരാൻ സഹായിക്കുന്നതാണ് ജാതിക്ക. ഇതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിക്കുന്നു. ചുമ, ജലദോഷം എന്നിവ വരാനുള്ള സാധ്യത കുറയ്‌ക്കുന്നു. വിറ്റാമിൻ എ, സി, ഇ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. സമ്മർദ്ദം കുറയ്‌ക്കാനും മെച്ചപ്പെട്ട ഉറക്കം പ്രദാനം ചെയ്യുന്നതിനും ഇത് സഹായിക്കും. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷ്യ വസ്തുവായതിനാൽ ദഹനം മെച്ചപ്പെടുത്തുന്നതിനും ഈ ചായ കുടിക്കുന്നത് ഗുണകരമാണ്.