പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
21 യാത്രക്കാരുമായി ചെങ്കൽപേട്ടയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് റോഡിന്റെ ഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ട് രണ്ട് കിലോമീറ്റർ ദൂരം വേഗത കുറഞ്ഞ് സഞ്ചരിച്ച ശേഷമാണ് ബസ് മറിഞ്ഞത്.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവർ മനസിലാക്കിയിരുന്നു. മറ്റ് വാഹനങ്ങളെ ഇടിക്കാതെ ബസിന്റെ വേഗത നിയന്ത്രിക്കാൻ ഡ്രൈവർ പരമാവധി ശ്രമിച്ചു. എന്നാൽ സുരക്ഷിതമായ സ്ഥലം കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് റോഡിലെ ഭിത്തിയിലിടിച്ച് ബസ് നിൽക്കുകയും പിന്നാലെ മറിയുകയുമായിരുന്നു.
അപകടത്തെ തുടർന്ന് കെ കെ റോഡിൽ മൂന്നര മണിക്കൂർ ഗതാഗതം തടസപ്പെട്ടു. ബസ് ഉയർത്തി മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.















