പാട്ന: ഭർത്താവിന്റെ സഹായത്തോടെ കാമുകനെ വിവാഹം കഴിച്ച് യുവതി. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയുടെ പ്രണയബന്ധം ഭർത്താവ് അംഗീകരിക്കുകയായിരുന്നു. ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുക മാത്രമല്ല വിശാല ഹൃദയനായ ഭർത്താവ് ഇരുവരുടെയും വിവാഹവും നടത്തികൊടുത്തു. ബിഹാറിലെ സഹർസയിലാണ് ബോളിവുഡ് സിനിമകളെ വെല്ലുന്ന സംഭവം അരങ്ങേറിയത്.
ഭർത്താവുമായുള്ള തന്റെ 12 വർഷത്തെ ദാമ്പത്യമാണ് യുവതി കാമുകനുവേണ്ടി അവസാനിപ്പിച്ചത്. ഇരുവരും പ്രണയിച്ച് കല്യാണം കഴിച്ചവരായിരുന്നു. ഭർത്താവിന്റെ സാന്നിധ്യത്തിൽ കാമുകനെ കല്യാണം കഴിക്കുന്ന യുവതിയുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എക്‌സിൽ പങ്കുവച്ച വീഡിയോയിൽ കാമുകൻ യുവതിക്ക് സിന്ദൂരമണിയിക്കുകയും വരമാല ചാർത്തുകയും ചെയ്യുന്നുണ്ട്.
ഇതിന് സാക്ഷ്യം വഹിക്കുന്ന ഭർത്താവിനെയും സമീപത്തായി കാണാം. വിവാഹശേഷം ഇനി എന്തുതന്നെ സംഭവിച്ചാലും അത് യുവതിയുടെയും കാമുകന്റെയും ഉത്തരവാദിത്തമായിരിക്കുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. യുവതിയുടെ കാമുകൻ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. സോഷ്യൽ മീഡിയയിലെ വീഡിയോ കണ്ട ചിലർ ഭർത്താവിന്റെ പക്വതയെ അഭിനന്ദിച്ച് രംഗത്തുവന്നു. മറ്റുചിലരാകട്ടെ ഇനി എന്തുവിശ്വസിച്ച് ഒരു കല്യാണം കഴിക്കുമെന്ന ആശങ്കയിലാണ്.