സന്നിധാനം: രൂപമാറ്റം വരുത്തിയ വാഹനങ്ങളുമായി ശബരിമലയിലേക്ക് വരുന്നവരെ പിടികൂടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും അനാവശ്യ അലങ്കാരങ്ങളും അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് പരിശോധനകൾ ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പത്തനംതിട്ട ഇലവുംങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച രൂപമാറ്റം
വരുത്തിയ ഓട്ടോറിക്ഷക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തിരുന്നു. കൊല്ലം സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് പിടികൂടിയത്. സമാനമായ രീതിയിൽ രൂപ മാറ്റം വരുത്തിയ ഓട്ടോറിക്ഷ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾ കൂടുതലായി എത്തുന്ന സാഹചര്യത്തിലാണ് ശബരിമല പാതയിൽ പരിശോധനകൾ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.
നമ്പർ പ്ലേറ്റ് പോലും മറയ്‌ക്കുന്ന തരത്തിൽ അലങ്കാരങ്ങളും, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുമായി വരുന്ന വാഹനങ്ങൾ അപകട സാധ്യത വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് പരിശോധനകൾ ശക്തമാക്കുന്നത്. എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ച മറയ്‌ക്കുന്ന ഇത്തരം സംഭവങ്ങൾ അപകടങ്ങൾക്ക്
കാരണമാകും.
തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കാനനപാതയിലൂടെ സഞ്ചരിക്കുന്നത് അപകടമാണ്. ഇത്തരം വാഹനങ്ങൾ പിടികൂടിയാൽ അലങ്കാരങ്ങൾ നീക്കം ചെയ്താൽ മാത്രമേ സഞ്ചരിക്കാൻ അനുവദിക്കൂ. തീർത്ഥാടകരെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാണ് പരിശോധനകൾ നടത്താൻ തീരുമാനിച്ചിട്ടുള്ളതെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.