മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ ഇന്ത്യയുടെ ഇരട്ട ഒളിമ്പിക്‌സ് മെഡൽ ജേതാവ് ഷൂട്ടർ മനു ഭാക്കറിന്റെ പേരില്ലെന്ന വാർത്തകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇന്ത്യൻ ഹോക്കി പുരുഷ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പുരുഷന്മാരുടെ ഹൈജമ്പ് T64 ക്ലാസ് പാരീസ് പാരാലിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവ് പ്രവീൺ കുമാർ എന്നിവരാണ് പട്ടികയിലുള്ളത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം അദ്ധ്യക്ഷനായ 12 അംഗ സെലക്ഷൻ കമ്മിറ്റി മനു ഭാക്കറിന്റെ പേര് ശുപാർശ ചെയ്തിരുന്നില്ല.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ഒരു ഗെയിം എഡിഷനിൽ രണ്ട് മെഡലുകൾ നേടുന്ന ഇന്ത്യയുടെ ആദ്യ അത്‌ലറ്റായി ചരിത്രം സൃഷ്ടിച്ച കായിക താരമാണ് മനു ഭാക്കർ.എന്നിട്ടും മനുവിനെ എന്തുകൊണ്ട് പട്ടികയിൽ ഉൾപ്പെടുത്തിയില്ല എന്നതാണ് പലരുടെയും ചോദ്യം. എന്നാൽ ഇത് അന്തിമപട്ടികയിലെ പേരുകളല്ല എന്നതാണ് വാസ്തവം. കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അനുമതി ലഭിച്ചുകഴിഞ്ഞാണ് അന്തിമപട്ടിക പുറത്തുവരുന്നത്.
നിലവിൽ പുറത്തുവന്നത് പട്ടികയിലേക്ക് ശുപാർശ ചെയ്യപ്പെട്ടവരുടെ പേരുകളാണ്. രണ്ട് ദിവസത്തിനുള്ളിൽ അന്തിമ പട്ടിക പുറത്തുവരും. പട്ടികയ്‌ക്ക് കായിക മന്ത്രിയുടെ അംഗീകാരം ആവശ്യമാണ്. കമ്മിറ്റിയും മന്ത്രിയും തമ്മിൽ കൂടിക്കാഴ്‌ചയുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചു.
അതേസമയം മനു അവാർഡിന് അപേക്ഷിച്ചിട്ടില്ല. എന്നാൽ പുരസ്‌കാരം നൽകുന്നതിന് ഇതൊരു തടസമല്ല. പാരീസ് ഒളിമ്പിക്സിൽ രണ്ട് വെങ്കല മെഡലുകൾ നേടിയാണ് ഇന്ത്യയുടെ യുവ ഷൂട്ടർ ചരിത്രം കുറിച്ചത്. ഷൂട്ടിംഗിൽ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാക്കർ.10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് വിഭാഗത്തിലുമാണ് മനു വെങ്കല മെഡലുകൾ സ്വന്തമാക്കിയത്.